കണ്ണൂർ: ശരീരത്തില്‍ ഓക്‌സിജന്റെ അളവ്‌ കുറഞ്ഞുവരുന്ന ബ്രോങ്കിയക്‌റ്റേസിസ്‌ എന്ന അപൂര്‍വ രോഗവുമായി ജീവിക്കുകയാണ്‌ കൂത്തുപറമ്പിലെ വി കെ രാഘവന്‍. ദിവസവും 12 മണിക്കൂര്‍ കൃത്രിമമായി ശരീരത്തിന്‌ ഓക്‌സിജന്‍ നല്‍കിയാണ്‌ രാഘവന്‍ ജീവന്‍ നിലനിര്‍ത്തുന്നത്‌. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും ജീവിത സാഹചര്യവും മനസിലാക്കി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വാങ്ങുന്നതിന്‌ വേണ്ട സഹായം നല്‍കുമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പ്‌ നല്‍കി. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തിലാണ്‌ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക്‌ മന്ത്രി നല്‍കിയത്‌.

മൂന്ന്‌ വര്‍ഷം വര്‍ഷം മുമ്പാണ്‌ രാഘവന്‌ ഈ അപൂര്‍വ രോഗം സ്ഥിരീകരിക്കുന്നത്‌. ശ്വാസകോശ അറകള്‍ വലുതാവുന്നതാണ്‌ രോഗ കാരണം. കൂടെ ശ്വാസകോശ അണുബാധയും ന്യൂമോണിയയും ഉണ്ടാവുന്നു. കൂലിപ്പണി എടുത്താണ്‌ രാഘവന്‍ കുടുംബം പുലര്‍ത്തിയിരുന്നത്‌. രോഗബാധിതനായതോടെ തൊഴിലിനു പോവാന്‍ പറ്റാത്ത അവസ്ഥയായി. തൊഴിലുറപ്പ്‌ ജോലികള്‍ക്ക്‌ പോയിക്കൊണ്ടിരുന്ന ഭാര്യയ്‌ക്കാവട്ടെ, അദ്ദേഹത്തെ ശുശ്രൂഷിക്കേണ്ടതിനാല്‍ അതുവഴിയുള്ള വരുമാനവും മുടങ്ങി. കൂലിപ്പണിക്ക്‌ പോകുന്ന മകന്റെ വരുമാനം കൊണ്ടുമാത്രമാണ്‌ കുടുംബം ഇന്ന്‌ മുന്നോട്ട്‌ പോവുന്നത്‌.

ആദ്യ കാലങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാടകയ്‌ക്കെടുത്താണ്‌ ഓക്‌സിന്‍ സ്വീകരിച്ചിരുന്നത്‌. ആഴ്‌ചയില്‍ അഞ്ചോളം സിലിണ്ടറുകള്‍ ഇതിനായി വേണ്ടി വരും. കണ്ണൂരിലെത്തി വേണം ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുപോവാന്‍. ഭീമമായ തുകയാണ്‌ ഇതിനായി ചെലവാകുന്നത്‌. അതിനിടെ, നാട്ടുകാര്‍ മുന്‍ കൈയെടുത്ത്‌ പഴയൊരു ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വാങ്ങി നല്‍കിയിരുന്നുവെങ്കിലും അത്‌ കേടായതോടെയാണ്‌ സഹായത്തിനായി അദാലത്തിലെത്തിയത്‌.

ശരീരത്തിലെ ഓക്‌സിജന്റെ അളവ്‌ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണമാണ്‌ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍. രാഘവന്റെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതി മനസ്സിലാക്കിയ മന്ത്രി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വാങ്ങുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്‌റ്റ്‌ മാനേജര്‍ ചിറ്റാരിപ്പറമ്പ്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ്‌ പദ്ധതിയിലുള്‍പ്പെടുത്തി ഉപകരണത്തിനായുള്ള തുക അനുവദിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.