കണ്ണൂർ: എല്ലാവരെയും പോലെ ഇനി ശബ്ദങ്ങളുടെ ലോകത്ത്‌ അന്‍വിദും ഉണ്ടാവും. 90 ശതമാനം കേള്‍വി നഷ്ടപ്പെട്ട അന്‍വിദിന്‌ സംസ്ഥാന സര്‍ക്കാരിന്റെ ശ്രുതി തരംഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സൗജന്യമായി നടത്തുമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉറപ്പ്‌ നല്‍കി.

നാറാത്ത്‌ സ്വദേശികളായ ദീപ സനല്‍ ദമ്പതികളുടെ മകനാണ്‌ ഒന്നര വയസുകാരന്‍ അന്‍വിദ്‌. ജനിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചെവിയുടെ കോക്ലിയയില്‍ കോശം നശിക്കുന്ന രോഗം പിടിപെടുകയായിരുന്നു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ അല്ലാതെ മറ്റൊരു മാര്‍ഗം ഉണ്ടായിരുന്നില്ല. ഇംപ്ലാന്റേഷനു മുമ്പായി ഹിയറിങ്ങ്‌ എയ്‌ഡ്‌ വച്ചു തെറാപ്പി നടത്താനും നിര്‍ദ്ദേശിച്ചു. ഇതിനായി ലക്ഷങ്ങള്‍ വേണ്ടി വരുമെന്നാണ്‌ ഡോക്ടര്‍മാര്‍ പറഞ്ഞത്‌. എന്നാല്‍ അത്രയും തുക സ്വരൂപിക്കാന്‍ ബസ്‌ ്രൈഡവറായ അച്ഛന്‍ സനലിനു സാധിക്കുമായിരുന്നില്ല. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത സനലും കുടുംബവും വാടക വീട്ടിലാണ്‌ താമസം. കൊവിഡ്‌ കാരണം മാസങ്ങളോളം വരുമാനവും മുടങ്ങി. തന്റെ കഷ്ടപ്പാടുകള്‍ മന്ത്രിയോട്‌ പറയുമ്പോള്‍ അമ്മ ദീപയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

പരാതികളെല്ലാം കേട്ട മന്ത്രി, കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്‌ ഉറപ്പു നല്‍കി. അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന്‌ മന്ത്രി നിര്‍ദ്ദേശവും നല്‍കി. കുട്ടിയുടെ കേള്‍വിയുടെ നില സംബന്ധിച്ച്‌ ഗവ. ഇ എന്‍ ടി സര്‍ജന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ഓഡിയോളജി റിപ്പോര്‍ട്ടും സഹിതം അപേക്ഷ സാമൂഹ്യ സുരക്ഷ മിഷന്‌ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്‌ത്രക്രിയക്ക്‌ വേണ്ട സജ്ജീകരണങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിക്കും സര്‍ക്കാരിനും നന്ദി പറയവെ, അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.