കാസര്‍ഗോഡ്:   കായിക വിനോദങ്ങളിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കായിക രംഗത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനുമായി നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുടെ ഉദ്ഘാടനം കീക്കാംകോട് സ്‌കൂളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ താല്പര്യപൂര്‍വ്വം ഇടപെടുന്ന കളികളിലൂടെ അവരറിയാതെ കായികമായും മാനസികമായും ആരോഗ്യമുള്ള ഒരു തലമുറയെ വളര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണ് പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.

കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലന പദ്ധതിയാണ് പ്ലേ ഫോര്‍ ഹെല്‍ത്ത്. ഓരോ സ്‌കൂളിനെയും സ്പോര്‍ട്ടിംഗ് ഹബ്ബാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാല് വയസുമുതല്‍ 12 വയസുവരെയുള്ള സ്‌കൂള്‍ കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സിഡ്കോയുടെ സാങ്കേതിക സഹായത്തോടെയാണ് കീക്കാംകോട്ട് സ്‌കൂളില്‍ പദ്ധതി നടപ്പാക്കിയത്.

ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ അബ്ദൂല്‍ റഹ്‌മാന്‍, സി രമ, പഞ്ചായത്ത് മെമ്പര്‍ വി സുഹറ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍, ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ പി വി ജയരാജന്‍, ഹോസ്ദുര്‍ഗ് ബിആര്‍സി പ്രോഗ്രാം ഓഫീസര്‍ പി വി ഉണ്ണിരാജന്‍, കക്ഷി നേതാക്കളായ ബി ബാലന്‍, വി ജഗദീശന്‍, വി സന്തോഷ് കുമാര്‍, എ മുരളി, പി ടി എ പ്രസിഡന്റ് കെ വി അമ്പിളി എന്നിവര്‍ സംസാരിച്ചു. പ്ലോ ഫോര്‍ ഹെല്‍ത്ത് ഹെഡ് ഹരിപ്രഭാകരന്‍ പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡന്റ് എ വി രവീന്ദ്രന്‍ സ്വാഗതവും പ്രഥമാധ്യാപിക പി ഗീത നന്ദിയും പറഞ്ഞു.