എറണാകുളം: ജില്ലയിൽ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക പദ്ധതി രൂപീകരണം ഫെബ്രുവരി 25നകം പൂർത്തീകരിക്കാനുള്ള സർക്കാർ നിർദേശത്തെ തുടർന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ ഏകദിന യോഗം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. പദ്ധതി രൂപീകരണത്തെക്കുറിച്ചും ഏറ്റെടുക്കേണ്ട സംയുക്ത പദ്ധതികളെക്കുറിച്ചും വിവിധ ഉദ്യോഗസ്ഥർ ക്ലാസെടുത്തു. 2021-22 സാമ്പത്തിക വർഷത്തിൽ 400 കോടി രൂപയാണ് ജില്ലയുടെ പ്ലാൻ ഫണ്ട് വിഹിതം. പദ്ധതി അംഗീകാര നടപടിക്രമങ്ങളും സുലേഖ / സാംഖ്യ/ സകർമ്മ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തലും, 2021-22 വാർഷിക പദ്ധതി രൂപീകരണം – പൊതു നിർദേശങ്ങളും മാർഗരേഖയും, ത്രിതല സ്ഥാപനങ്ങൾക്ക് പൊതുവായി ഏറ്റെടുക്കാവുന്ന പദ്ധതികളുടെ സംഗ്രഹം എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.

തോട്ടറപ്പുഞ്ച സമഗ്ര വികസനവും കാർഷിക വിപണന കേന്ദ്രങ്ങളും, സമഗ്ര കാൻസർ നിയന്ത്രണ പരിപാടി രണ്ടാം ഘട്ടം, ഡയാലിസിസ് രോഗികൾക്കുള്ള പിന്തുണ, ബഡ്സ് സ്കൂളുകളുടെ സ്ഥാപനവും സംരക്ഷണവും, മുട്ടക്കോഴി ഹാച്ചറി സ്ഥാപനം, ആട് ഗ്രാമം പദ്ധതി, കുട്ടികളുടെ ജില്ലാതല വെബ് പോർട്ടൽ തുടങ്ങിയ സംയുക്ത / സംയോജിത പദ്ധതികളുടെ അവതരണവും നടന്നു. ലൈഫ് മിഷൻ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നീ പദ്ധതികളുടെ വിശദീകരണവും യോഗത്തിൽ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ജില്ലാ ആസൂത്രണ സമിതി ചെയർമാനുമായ ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷണർ അഫ്സാന പർവീൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ പ്ലാനിംഗ് ഓഫീസ് റിസർച്ച് ഓഫീസർ ഡോ. ടി.എൽ. ശ്രീകുമാർ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, റിസർച്ച് അസിസ്റ്റൻ്റുമാരായ എസ്.വൃന്ദ, ഇ.എസ്. ഹസീന, സി.കെ. സരിത, റിസർച്ച് ഓഫീസർ മിനി ചന്ദ്രൻ, അസിസ്റ്റൻ്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ എം.എം. ബഷീർ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, ഹരിത കേരളം കോ- ഓർഡിനേറ്റർ സുജിത് കരുൺ, ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി. എച്ച് ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.