ആലപ്പുഴ: പോലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുകയെന്ന സർക്കാരിന്റെ നയം പ്രാവർത്തികമാക്കുന്ന അഞ്ചു വർഷകളാമായിരുന്നു ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ പോലീസ് സേനയിലെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിലെ പോലീസ് ക്വാർട്ടേഴ്സിൻറെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കാൻ പോലീസിന് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. ഈ മേഖലയിൽ വളരെ അധികം പരിഗണനയാണ് സർക്കാർ പോലീസിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ ജോലി ചെയ്യുന്ന ഓഫീസ് കെട്ടിടവും വൃത്തിയായി സൂക്ഷിക്കുന്നത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അത്യാധുനിക രീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് പുതിയ കെട്ടിടങ്ങൾ. നിരവധിപേർ നിത്യേന സന്ദർശിക്കുന്ന പോലീസ് സ്റ്റേഷൻ ജനസൗഹാർദമാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദകെട്ടിട്ടങ്ങളാണ് പുതിയ പോലീസ് സ്റ്റേഷനുകൾ.

കേസന്വേഷണത്തിൽ പ്രത്യേക വൈദഗ്ധ്യം ആർജിക്കാൻ പോലീസ് സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കഴിവുകൾ വർദ്ധിപ്പിക്കാനും ശസ്ത്രസാങ്കേതിക വിദ്യയിൽ സേനയെ പ്രാപ്തരാക്കാനും ലോകോത്തര നിലയിലുള്ള പരിശീലനകേന്ദ്രത്തിലൂടെയേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പുതിയ പോലീസ് സ്റ്റേഷനുകൾ, പരിശീലന കേന്ദ്രങ്ങൾ, ക്വാർട്ടേഴ്‌സ് തുടങ്ങി 16 കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

85 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ചെങ്ങന്നൂരിൽ പോലീസ് ക്വാർട്ടേഴ്സ് നിർമിച്ചത് . 750 ചതുരശ്ര അടിയിൽ രണ്ട് മുറികളും അടുക്കളയും ശൗചാലയവും ഉള്ള 12 ക്വാട്ടേഴ്‌സാണ് നിര്‍മ്മിച്ചിട്ടുള്ളത്. 2012-ല്‍ നിർമ്മാണം പൂർത്തീകരിച്ച പോലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും ലഭികാത്തിരുന്നതിനെ തുടർന്ന് തുറക്കാത്ത നിലയിലായിരുന്നു. ഈ വിഷയവുമായി ബന്ധപെട്ട് സജി ചെറിയാൻ എം. എൽ. എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തെ തുടർന്നാണ് കെട്ടിടം നിർമ്മാണം പൂർത്തികരിക്കുന്നതിന് തുക അനുവദിച്ചത്. കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണം
നടപടികൾ പൂർത്തീകരിച്ചത്.

സജി ചെറിയാൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി പി.എസ്.സാബു, ചെങ്ങന്നൂർ നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, വാർഡ് കൗൺസിലർ വിജി വി തുടങ്ങിയാൽ സന്നിഹിതരായി. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ ഓൺലൈൻ വഴി ചടങ്ങിൽ പങ്കെടുത്തു.
(ചിത്രമുണ്ട്)