കൊല്ലം: 95 വയസുള്ള അന്നമ്മയെ ചേര്‍ത്ത് പിടിച്ചു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ചോദിച്ചു അമ്മയ്ക്ക് ഞാന്‍ ആരാണെന്നു മനസിലായോ. പ്രായത്തിന്റെ  അവശതകള്‍ ഏതുമില്ലാതെ നിറപുഞ്ചിരിയോടെ ഉത്തരവും ഉടന്‍ എത്തി, മന്ത്രി  ആണോ. അതെ എന്ന് മന്ത്രിയും. സ്വന്തം പേരില്‍ 10 സെന്റ് ഭൂമി എന്ന സ്വപ്നം തൊണ്ണൂറ്റിയഞ്ചാം വയസില്‍ യാഥാര്‍ഥ്യമായതിന്റെ സന്തോഷം അന്നമ്മ മന്ത്രിയുമായി പങ്കുവെച്ചു. ചെറുമകന്‍ ജോജിയോടൊപ്പമാണ് അദാലത്തില്‍ അപേക്ഷയുമായി എത്തിയത്.
അഞ്ച് പതിറ്റാണ്ട് മുന്‍പാണ് കരവാളൂരില്‍ അന്നമ്മ ന്യായവില നല്‍കി ഭൂമി വാങ്ങിയത്. എന്നാല്‍  നിയമപരമായ രേഖകള്‍ ഇല്ലാത്ത ഭൂമിയാണ് താന്‍ വാങ്ങിയതെന്ന വിവരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറിയുന്നത്.

ആകെയുള്ള സമ്പാദ്യം നല്‍കി വാങ്ങിയ  ഭൂമിയുടെ  നിയമപരയ അവകാശത്തിന് വേണ്ടി പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് പുനലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് – സ്വാന്തന സ്പര്‍ശത്തില്‍ പരിഹാരമായിരിക്കുന്നത്. കരവാളൂരുള്ള 10 സെന്റ് ഭൂമിയുടെ പട്ടയം അദാലത്തില്‍ മന്ത്രിമാരായ കെ രാജു, ജെ മേഴ്‌സികുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്  കൈമാറി.

ഭര്‍ത്താവ് ഡാനിയല്‍ മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് സ്വന്തം ഭൂമിക്കായി അന്നമ്മ പോരാടിയത്. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനാണു സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ കരങ്ങള്‍ അന്നമ്മയ്ക്ക് തുണയേകിയത്. ഇപ്പോള്‍ ഇളയ മകനൊപ്പമാണ് അന്നമ്മ താമസം. എല്ലാ മന്ത്രിമാരോടും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നന്ദിയുണ്ടെന്ന് അന്നമ്മ പറഞ്ഞു.