കൊല്ലം: വര്‍ഗീസിന്റെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്ന് സര്‍ക്കാരിന്റെ ഇടപെടല്‍. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ കാഴ്ച പരിമിതി നേരിടുന്ന വര്‍ഗീസ് ഏറെ പ്രതീക്ഷയോടെയാണ് എത്തിയത്. 2017 ല്‍ വാഹനാപകടത്തെ തുടര്‍ന്ന് വര്‍ഗീസിന്റെ ഇരുകണ്ണുകളുടെയും കാഴ്ച പൂര്‍ണമായും നഷ്ടമായി. ചികിത്സയെ തുടര്‍ന്ന് 10 ശതമാനം കാഴ്ചയാണ് തിരികെ ലഭിച്ചത്. അപകടത്തില്‍ ഇടതു കൈയ്ക്കും വലതു കാലിനും ബലക്ഷയം സംഭവിച്ചു. തുടര്‍ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷയുമായാണ് അദാലത്തില്‍ എത്തിയത്. വര്‍ഗീസിന്റെ ദുരിത ജീവിതം കേട്ടറിഞ്ഞ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉടന്‍ 25,000 രൂപയുടെ ചികിത്സാ ധനസഹായം അനുവദിക്കുകയായിരുന്നു.

കാഴ്ച പരിമിതിയുള്ളതിനാല്‍ ജോലികളൊന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. വാളകം വാഴവിള കോളനിയിലുള്ള സഹോദരിയുടെ ഭൂമിയിലുള്ള വീട്ടിലാണ് കഴിയുന്നത്.  നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടേയും സഹായത്താല്‍ ലോട്ടറി കച്ചവടത്തിനുള്ള ലൈസന്‍സ് ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച  തുകയില്‍നിന്ന് കുറച്ച് ചികിത്സയ്ക്കായും ബാക്കി  തുക ഉപയോഗിച്ച് ലോട്ടറി കച്ചവടം നടത്തുവാനുമാണ് വര്‍ഗീസിന്റെ തീരുമാനം. സര്‍ക്കാരിനോടുള്ള നിറഞ്ഞ നന്ദി രേഖപ്പെടുത്തുമ്പോള്‍ വര്‍ഗീസിന്റെ കണ്ണുകള്‍ സന്തോഷത്താല്‍ ഈറനണിഞ്ഞു.