സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ രേഖാ ശേഖരത്തിലുള്ള പതിനായിരത്തിലധികം കാർട്ടോഗ്രാഫിക് മാപ്പുകളുടെ ശാസ്ത്രീയ സംരക്ഷണത്തിന് തുടക്കമായി. കാർട്ടോഗ്രാഫിക് മാപ്പുകളുടെ സംരക്ഷണം, ഡിജിറ്റൈസേഷൻ എന്നീ പദ്ധതികളുടെ ഉദ്ഘാടനം  വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ പുരാവസ്തു പുരാരേഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി നിർവഹിച്ചു. കൈയ്യെഴുത്ത് മാപ്പുകൾ, ലിത്തോമാപ്പുകൾ, ഫോറസ്റ്റ് മാപ്പുകൾ, റെയിൽവെ മാപ്പുകൾ, ബൗണ്ടറി മാപ്പുകൾ എന്നിവ ഉൾപ്പെട്ട കാർട്ടോഗ്രാഫുകളാണ് വകുപ്പിന്റെ ശേഖരത്തിലുള്ളത്.

ഒരു പ്രദേശത്തിന്റെ രാഷ്ട്രീയമോ, സാംസ്‌കാരികമോ, ഭൂമിശാസ്ത്രപരമോ ആയ വിവരങ്ങൾ അനുയോജ്യമായ പ്രതലത്തിൽ സംജ്ഞാ രൂപത്തിൽ ആലേഖനം ചെയ്തിട്ടുള്ള രേഖകളെയാണ് കാർട്ടോഗ്രാഫുകൾ എന്ന് വിവക്ഷിക്കുന്നത്. മ്യൂസിയ നിർമ്മാണ നോഡൽ ഏജൻസിയായ കേരളം മ്യൂസിയം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

വി.കെ.പ്രശാന്ത് എം.എൽ.എ, വാർഡ് കൗൺസിലർ റീന കെ.എസ്., ആർക്കൈവ്സ് വകുപ്പ് ഡയറക്ടർ ജെ.രജികുമാർ, കേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻപിള്ള, പുരാവസ്തു ഡയറക്ടർ ഇ.ദിനേശൻ, മ്യൂസിയം ഡയറക്ടർ അബു.എസ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.