മുതിർന്ന പൗരൻമാർക്കുള്ള നവജീവൻ സ്വയംതൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാവിതരണവും ആറിന് പേരാമ്പ്രയിൽ നടക്കുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവർക്ക് സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്നതിന് പദ്ധതിപ്രകാരം 50,000 രൂപ വരെ വായ്പ ലഭിക്കും.

സ്വയംതൊഴിൽ പദ്ധതി, മുതിർന്ന പൗരൻമാരുടെ വിജ്ഞാനവും പരിചയവും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനായുള്ള ഡാറ്റ ബാങ്ക് എന്നിങ്ങനെ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന നവജീവൻ പദ്ധതിക്ക് രണ്ടു ഘടകങ്ങളാണുള്ളത്. വ്യക്തിഗത വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവർക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 25 ശതമാനം സബ്സിഡിയോടെ വായ്പ ലഭ്യമാക്കും. പരമാവധി 12,500 രൂപയാണ് സബ്സിഡി. പദ്ധതിപ്രകാരം സംയുക്തസംരംഭങ്ങളും ആരംഭിക്കാം.

പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിൽ രാവിലെ 11 നാണ് ഉദ്ഘാടനം. കേരള ബാങ്ക് മുഖേന വായ്പ അനുവദിച്ച മൂന്ന് പേർക്ക് ധനസഹായം വിതരണം ചെയ്യും. ഇതിനകം ലഭിച്ച ആയിരത്തിലേറെ അപേക്ഷകൾ അതത് ജില്ലാതല സമിതി അംഗീകരിക്കുന്ന മുറയ്ക്ക് വായ്പാ വിതരണം പൂർത്തിയാക്കും.