മൂന്നാറില്‍ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിനു തുടക്കം
പോലീസ് സ്റ്റേഷനുകള്‍ വൃത്തിയും വെടിപ്പുമുളളതാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മൂന്നാറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിന്റെതടക്കമുള്ള വിവിധ പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ പോലീസിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പോലീസിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പണം പ്രശ്നമായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് പോലീസിന്റെ വിവിധ പ്രദേശങ്ങളിലെ കെട്ടിടങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭിന്നശേഷി സൗഹൃദമായ നിലയില്‍ പണിതീര്‍ത്തിരിക്കുന്നുവെന്ന പ്രത്യേകത കെട്ടിടങ്ങള്‍ക്കുണ്ട്. അതൊടൊപ്പം പ്രധാനപ്പെട്ടെതാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടുംബമായി താമസിക്കുന്നതിന് ആവശ്യമായ സൗകര്യമൊരുക്കുകയെന്നത്.ജോലിയുടെ പ്രത്യേകതയും വൈവിധ്യവും മൂലം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വളരെ കുറഞ്ഞ സമയം മാത്രമാണ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കഴിയുന്നത്. ദിവസവും സ്വന്തം കുടുംബത്തില്‍ നിന്ന് ജോലിക്ക് പോകാനും ജോലി കഴിഞ്ഞ് കുടുംബത്തിലേക്ക് വരാനും സാധിച്ചാല്‍ സംതൃപ്തിയോടെ പോലീസുകാരന് തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാനാകും.
സംസ്ഥാന പോലീസിന് കേസന്വേഷണത്തിന് പ്രത്യേകം വൈദഗ്ധ്യം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള പരിശീലനം നല്‍കുകയെന്നതാണ് ഏറ്റവും പ്രധാനഘടകം. ഓണ്‍ലൈനായി നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ മന്ത്രിമാരായ എം എം മണി, എ കെ ബാലന്‍, ജി മേഴ്സികുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹറയടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഒരോ കേന്ദ്രങ്ങളിലും ജില്ലാതലപരിപാടികള്‍ നടന്നു.മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മണിമൊഴി നാടമുറിച്ച് മൂന്നാറിലെ ജില്ലാ പോലീസ് പരിശീലന കേന്ദ്രം നാടിന് സമര്‍പ്പിച്ചു.തുടര്‍ന്ന് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പീറ്റര്‍,മൂന്നാര്‍ ഡിവൈഎസ്പി റ്റി എ ആന്റണി,പോലീസ് സേനാംഗങ്ങള്‍,പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.പോലീസ് സേനാംഗങ്ങള്‍ക്കായുള്ള വിവിധ ക്ലാസുകള്‍, ജനമൈത്രി ബോധവല്‍ക്കരണക്ലാസുകള്‍ തുടങ്ങിയവക്കെല്ലാം ജില്ലാ പോലീസ് പരിശീലന കേന്ദ്രം ഇനിമുതല്‍ ഉപയോഗിക്കാം.
ചിത്രം:
മൂന്നാറിലെ ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിന്റെ ഉള്‍പ്പെടെ വിവിധ പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു.