തൃശ്ശൂർ: തീരദേശ മേഖലയിലെ കുട്ടികൾക്ക് അതിജീവന ശേഷികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘നാട്ടരങ്ങി’ന് കയ്പമംഗലം മണ്ഡലത്തിൽ തുടക്കം. ഫെബ്രുവരി ആറ് വരെ പടിഞ്ഞാറെ വെമ്പല്ലൂർ ജി എൽ പി സ്‌കൂളിൽ നടക്കുന്ന പഞ്ചദിന ക്യാമ്പ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. തീരദേശമേഖലയിലെ 30 ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ക്യാമ്പ്. നാടകക്യാമ്പ്, ശാസ്ത്രപരീക്ഷണം, ആരോഗ്യ മനശാസ്ത്ര ക്ലാസ്സുകൾ, വ്യക്തിത്വ വികസന ക്ലാസുകൾ, കായിക ശേഷി വികസനം, കരകൗശല വസ്തു നിർമ്മാണം, കടലിനെ അറിയാൻ, ഗണിതവിജയം, മലയാളത്തിളക്കം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വാട്സ്ആപ്, ഫെയ്സ് ബുക്ക്, ജി.മെയിൽ, വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ പ്രയാേജനപ്പെടുത്താനും പരിശീലനം നൽകും. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മതിലകം ബി പി സി സിന്ധു വി ബി പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് കെ എ, അയ്യൂബ്, വാർഡ് അംഗങ്ങളായ രാജേഷ് കൈതക്കാട്ട്, ശീതൾ, മിനി പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി രാംദാസ്, സി ആർ സി കോഡിനേറ്റർ കെ ആർ രമ്യ എന്നിവർ പങ്കെടുത്തു. രാജേഷ് നാരായണൻ, രാകേഷ് എം ആർ, സി കെ പ്രസാദ്, പ്രശാന്ത് എൻ പി, വി ജി ബാബു, സുരേഷ് ബാബു, മഫിത എന്നിവർ ക്ലാസ്സുകൾ നയിച്ചു.