ഇടുക്കി:‍ കെട്ടിടനിര്മ്മാണ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു

കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐ ടി ഐ കെട്ടിടനിര്‍മ്മാണ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ തൊഴിലും നൈപുണ്യവും, എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ ടി ഐകള്‍ അവയുടെ സുവര്‍ണ്ണ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു. പുതിയ ഐ ടി ഐകളും, ആധുനിക ട്രേഡുകള്‍ ആരംഭിച്ചും നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കിയും വ്യാവസായിക പരിശീലന മേഖലയെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഉന്നത നിലവരത്തിലേക്ക് നയിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് 82 ഐ ടി ഐ കളാണുണ്ടായിരുന്നത്. ഇപ്പോള്‍ 104 സര്‍ക്കാര്‍ ഐ ടി ഐകളായി ഉയരുകയാണ്. ഇടുക്കി ജില്ലയിലെ കരുണാപുരം, ഏലപ്പാറ ഐടിഐകള്‍ ഉള്‍പ്പെടെ 22 ഐ ടി ഐകള്‍ പുതുതായി ആരംഭിച്ചു. ഐടിഐകളെ രാജ്യത്തെ ഏറ്റവും മികച്ച നൈപുണ്യപരീശീലന സ്ഥാപനമായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മാറുന്ന തൊഴില്‍ വിപണിയിലെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പരിശീലനത്തിനൊപ്പം നൈപുണ്യവികസനത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനിലൂടെ വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി.

കഞ്ഞിക്കുഴി സര്‍ക്കാര്‍ ഐടിഐ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചു. കഞ്ഞിക്കുഴിയിലെ സുപ്രധാന സ്ഥാപനമായി ഗവണ്‍മെന്റ് ഐടിഐ മാറുകയാണെന്ന് പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യസ രംഗം മുന്നേറ്റത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന ഉണര്‍വ് പ്രാദേശിക വികസനത്തിനും വഴിതെളിക്കുമെന്നും എംഎല്‍എ പറഞ്ഞു. ഐടിഐ റോഡിന്റെ വികസനത്തിനായി മൂന്ന് ലക്ഷം രൂപ അനുവദിച്ചതായും എംഎല്‍എ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷകനായിരുന്നു.

ഐ.ടി.ഐയുടെ ഒന്നാം ഘട്ട കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 76 ലക്ഷം രൂപയും, ക്ലാസ് റൂം നിര്‍മ്മാണത്തിന് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 900 ചതുരശ്ര മീറ്ററില്‍ ഹൈടെക്ക് ക്ലാസ് റും, വര്‍ക്ക് ഷോപ്പ്, ഓഫീസ് റും, ടോയ്ലറ്റ്, ചുറ്റുമതില്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ രണ്ട് വര്‍ഷത്തെ സിവില്‍ കോഴ്സും, ഒരു വര്‍ഷത്തെ ഡി.ടി.പി ഓപ്പറേറ്റര്‍ കോഴ്സുമാണ് കഞ്ഞിക്കുഴി ഐ ടി ഐയില്‍ നടത്തുന്നത്. രണ്ടാം ഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ പുതിയ മൂന്ന് കോഴ്സുകള്‍ കൂടി ആരംഭിക്കുകയും അതിനാവിശ്യമായ ഭൗതിക സാഹചര്യം കൂടി ഐടിഐയില്‍ ഒരുങ്ങും.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ്, വൈസ് പ്രസിഡന്റ് സില്‍വി സോജന്‍, ത്രിതലപഞ്ചായത്തംഗങ്ങളായ ബിനോയി വര്‍ക്കി, ഉഷാ മോഹനന്‍, മാത്യു ജോസഫ് തായങ്കിരി, അനിറ്റ് ജോഷി, പ്രദീപ് എം.എം, സുകുമാരന്‍ കുന്നുംപുറത്ത്, രാജേശ്വരി രാജന്‍, കഞ്ഞിക്കുഴി ഗവ.ഐടിഐ പ്രിന്‍സിപ്പല്‍ ശ്രീജിത് എം.എം, കട്ടപ്പന ഗവണ്‍മെന്റ് ഐടിഐ പ്രിന്‍സിപ്പല്‍ ആനീസ് സ്റ്റെല്ല ഐസക്, പി.ടിഎ പ്രസിഡന്റ് സി.ജി സജി, വിവിധ സാമൂഹിക രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.