പൊതുജനാരോഗ്യ സംരക്ഷണത്തിനായി സമൂഹത്തില്‍ കായിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മെയ് മാസത്തിലെ നാല് ആഴ്ചകളിലായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സാഹസിക മാസം പദ്ധതിക്ക് ഗംഭീര തുടക്കം. മാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ രാവിലെ കലക്ടറേറ്റ് പരിസരത്തു നിന്ന് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് നടന്ന സൈക്കിള്‍ റാലിയോടെയാണ് പരിപാടിക്ക് തുടക്കമായത്. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ റാലി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ പങ്കെടുത്ത റാലി രാവിലെ ഏഴര മണിക്ക് ആരംഭിച്ച് എട്ടരമണിയോടെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ സമാപിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഹാബിസ്, ഫുട്‌ബോള്‍ താരം സി.കെ വിനീത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സൈക്കിള്‍ റാലിക്ക് വരവേല്‍പ്പ് നല്‍കി.
തുടര്‍ന്ന് പൊതുജനങ്ങള്‍ (അഞ്ച് കിലോമീറ്റര്‍), പ്രൊഫഷനല്‍ (ആണ്‍-20 കിലോമീറ്റര്‍), പ്രൊഫഷനല്‍ (പെണ്‍-10 കിലോമീറ്റര്‍) എന്നീ മൂന്ന് വിഭാഗങ്ങളിലായി ബീച്ചില്‍ സൈക്കിളോട്ട മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. മല്‍സരം സി.കെ വിനീത് ഉദ്ഘാടനം ചെയ്തു. പ്രഫഷനല്‍ വിഭാഗങ്ങളില്‍  ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 8,000 രൂപ, 6,000 രൂപ, 4,000 രൂപയും പൊതുജനങ്ങളിലെ വിജയികള്‍ക്ക് 6000, 4000, 3000 രൂപ വീതവും ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടന്ന സൈക്കിള്‍ റാലിക്ക് കേരള സൈക്ലിംഗ് അസോസിയേഷന്‍ സാങ്കേതിക സഹായം നല്‍കി. സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഗിഫ്റ്റ് എ സൈക്കിള്‍ പരിപാടിയുടെ ഭാഗമായി ഡി.ടി.പി.സി സ്‌പോണ്‍സര്‍ ചെയ്ത സൈക്കിള്‍ കേരള സമഖ്യ സൊസൈറ്റിയുടെ തൊക്കിലങ്ങാടി കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ജില്ലാ കലക്ടര്‍ സമ്മാനിച്ചു.
സാഹസിക മാസം പദ്ധതിയുടെ രണ്ടാമത്തെ ഞായറാഴ്ചയായ മെയ് 13ന് തലശ്ശേരിയില്‍ ഹെറിറ്റേജ് മാരത്തോണ്‍, 20ന് വളപട്ടണം പുഴയില്‍ പറശ്ശിനി ക്രോസ് എന്ന പേരില്‍ നീന്തല്‍ മല്‍സരം, 27ന് കവ്വായി പുഴയില്‍ കയാക്കിംഗ് എന്നീ പരിപാടികളും നടക്കും.