തൃശ്ശൂർ: കോലഴിയിൽ സംയോജിത കൃഷിയിറക്കി സുഭിക്ഷ കുടുംബശ്രീ. സാമൂഹ്യ വിരുദ്ധരുടെ തവളമായിരുന്ന കോലഴി പഞ്ചായത്തിലെ കുട്ടാടം പടശേഖരത്തിലെ ഒരേക്കർ 22 സെന്റിലാണ് സുഭിക്ഷ ഗ്രൂപ്പ്‌ കൃഷിയിറക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവിടെ സംയോജിത കൃഷി നടത്തുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ മത്സ്യകൃഷി, തേനീച്ച വളർത്തൽ, പച്ചക്കറി എന്നിവയാണ് കൃഷി ചെയ്യുന്നത്. സംയോജിത കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. കോലഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി വിശ്വംഭരൻ ആദ്യ വിത്ത്‌ വിതച്ചു. വരുന്ന 5 വർഷം കൊണ്ട് അഞ്ച് പദ്ധതികൾ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലെ പ്രധാന കൃഷിയാണ് താമര വളർത്തൽ. പാടശേഖരത്തിലെ പതിമൂന്ന് കുളങ്ങളെ ഉപയോഗപ്പെടുത്തി കൃഷി ചെയ്യാനാണ് തീരുമാനം. ഇത് കൂടാതെ ആട്, പോത്ത്, കോഴി, തീറ്റപുല്ല് എന്നിവയും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. 8 ഗ്രൂപ്പുകളിലായി 40 പേർക്ക് തൊഴിൽ എന്നതാണ് ഈ കൃഷിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ ദിനങ്ങളും വിനിയോഗിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ സുജാത സദാനന്ദൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.