ആലപ്പുഴ : മന്ത്രി ജി സുധാകരന്റെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 13.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ വിശ്രമകേന്ദ്രം തുറന്നുകൊടുത്തു. പുന്നപ്രയിലെ സാഗര സഹകരണ ആശുപത്രിയിൽ 2012 ൽ പൂർത്തിയാക്കിയ വിശ്രമകേന്ദ്രമാണ് മന്ത്രി ജി സുധാകരൻ ബുധനാഴ്ച ഉദ്ഘാടനം ചെയ്തത്.
ചില ഭാഗത്തുനിന്നുമുണ്ടായ നിസ്സഹകരണമാണ് ഉദ്ഘാടനം വൈകാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനമാരംഭിച്ച ആദ്യ നാളുകളിൽ സുഗമമായി മുന്നോട്ടു പോയ ആശുപത്രി ഭരണം മാറിയതോടെ അടച്ചുപൂട്ടലിന്റെ വക്കിലെത്തി. ആശുപത്രി അടച്ചു പൂട്ടണമെന്ന ആവശ്യവുമായി വിവിധ പാർട്ടികൾ രംഗത്തെത്തിയെങ്കിലും അന്നത്തെ സഹകരണ മന്ത്രി അതിനു വഴങ്ങിയില്ല. ഈ സർക്കാർ അധികാരത്തിലെത്തിയതോടെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളും ആശുപത്രിയെ സ്വീകരിച്ചു. അതിന്റെ ഫലമായി മെച്ചപ്പെട്ട പ്രവർത്തനമാണ് ഇപ്പോഴുള്ളത്.
6 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് ഇപ്പോൾ വാർഷിക മിച്ചത്തിലേക്കെത്തിയ ആശുപത്രി ഇതുവരെയുണ്ടായിരുന്ന കടങ്ങളും വീട്ടി. ആശുപത്രിയിലെ മൾട്ടി സ്റ്റോർ ബിൽഡിങ് നിർമാണത്തിനായി 5-കോടി രൂപയുടെ ഭരണാനുമതി ആയെന്നും കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.ഇരിപ്പിട സൗകര്യം, ടി വി, ഫാൻ, ശുചി മുറി, ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം എന്നിവയുള്ള വിശ്രമകേന്ദ്രം എന്നും വൃത്തിയോടെ പരിപാലിക്കപ്പെടണമെന്നും ജി സുധാകരൻ നിർദ്ദേശിച്ചു.
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അധ്യക്ഷയായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ബി.ബി വിദ്യാനന്ദൻ, എ.പി സരിത, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പ്രിറ്റി തോമസ്, സുരേഷ് ബാബു,ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ.എൻ അരുൺ, സെക്രട്ടറി ടി കെ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.