കൊച്ചി: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രത ബോധവത്കരണ പരിപാടിക്ക് പായിപ്ര പഞ്ചായത്തില്‍ തുടക്കം. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. അലിയാസ് ജാഗ്രതോത്സവം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
കില, സാക്ഷരതാ മിഷന്‍ അതോറിറ്റി, ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍, പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുട്ടികളിലേക്ക് ആശയം പകര്‍ന്ന് നല്‍കുകയാണ് ജാഗ്രതോത്സവങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കൊതുകിന്റെ ലോകം, എലി വാഴും കാലം, ജലജന്യരോഗം, എന്നിവ സംബന്ധിച്ച ക്ലാസുകളും കുട്ടികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളുമാണ് ജാഗ്രതോത്സവത്തിന്റെ പ്രധാന ഉള്ളടക്കം. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് പ്രധാനമായും ജാഗ്രതോത്സവത്തില്‍ പങ്കെടുക്കേണ്ടത്. ചക്ക, മാങ്ങ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന വിഭവങ്ങളാണ് ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്നത്.
മെയ് 7, 8, തീയ്യതികളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ വാര്‍ഡ് തലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ക്ലാസ് നല്‍കുന്നത്. അവരിലൂടെ അത് വാര്‍ഡ് തലത്തിലുള്ള കുട്ടികളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ ആദ്യ ദിവസത്തെ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീലത, ആശവര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.