Kerala’s Top 50 Policies and Projects-43

പരിസ്ഥിതിസൗഹൃദ ലോകത്തേക്കുള്ള സുപ്രധാന ചുവടുവെയ്പാണ് അക്ഷയ ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തിലേക്ക് മാറുക എന്നത്. ഊർജ്ജ രംഗത്തെ ഇത്തരം സാധ്യത മുന്നിൽകണ്ട് ദീർഘവീക്ഷണത്തോടെയുള്ള ഭാവനാസമ്പന്നമായ നയങ്ങളാണ് കേരള സർക്കാർ ആവിഷ്‌കരിച്ചത്.

നവീനവും പുനരുപയോഗ സാധ്യവുമാകുന്ന ഊർജ്ജ ഗവേഷണവും സാങ്കേതിക വിദ്യകളും സംസ്ഥാനത്ത് പ്രാവർത്തികമാക്കുന്നത് ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അനർട്ടാണ്. അനർട്ടിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിയ രണ്ട് പ്രധാനപ്പെട്ട നയങ്ങൾ ഇന്നത്തെ ലേഖനത്തിൽ പരിചയപ്പെടുത്താം.

കാർബൺ ന്യൂട്രൽ ഗവേണൻസ് പദ്ധതി എന്ന പുതിയ ആശയമാണ് അനർട്ടിലൂടെ ഇ.ഇ.എസ്.എല്ലുമായി ചേർന്ന് സർക്കാർ നടപ്പാക്കിയത്. പദ്ധതിയിലൂടെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ നൽകുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഒറ്റ ചാർജിംഗിൽ 120 മുതൽ 450 കിലോമീറ്റർ വരെ യാത്ര ചെയ്യാവുന്ന തരത്തിലാണ് കാർബൺ ന്യൂട്രൽ പദ്ധതി വിഭാവനം ചെയ്തത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ മുന്നിൽ കണ്ട് നടപ്പാക്കുന്ന പദ്ധതി ഭാവിയിൽ പൊതുജനങ്ങൾക്കും പ്രയോജനകരമാകും.

സൗരോർജ്ജ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി www.buymysun.com എന്ന ഇ-മാർക്കറ്റ് പ്ലാറ്റ്‌ഫോം 2018 ജൂൺ മുതൽ അനർട്ടിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇതിലൂടെ വീടുകളിലിരുന്ന് അക്ഷയ ഊർജ്ജ ഉപകരണങ്ങൾ വാങ്ങാൻ സാധിക്കുന്നു. അംഗീകൃത സേവന ദാതാക്കളുടെയും ഗുണനിലവാരം ഉറപ്പു വരുത്തിയ ഉപകരണങ്ങളുടെയും പട്ടിക തയ്യാറാക്കി ആവശ്യക്കാർ ആഗ്രഹിക്കുന്ന സമയത്ത് ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഇ-മാർക്കറ്റ് പ്ലാറ്റ്‌ഫോമിലൂടെ നടപ്പാക്കിയത്. ഇതുവരെ 33 കോടിയോളം രൂപയുടെ സൗരോർജ്ജ ഉത്പന്നങ്ങൾ വില്പന നടത്താൻ സാധിച്ചത് ഇ-മാർക്കറ്റിന്റെ സ്വീകര്യതയാണ് കാണിക്കുന്നത്.

ഇത്തരത്തിലുള്ള പുതിയ ആശയങ്ങൾ നടപ്പാക്കുന്നത് കൂടാതെ ഊർജ്ജ മേഖലയിൽ ധാരാളം പദ്ധതികളും സർക്കാർ നടപ്പാക്കി. കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര ഊർജ്ജ ഉത്പാദന സോളാർ പദ്ധതി പാലക്കാട് ജില്ലയിലെ കുഴൽമന്ദത്ത് പ്രവർത്തനം തുടങ്ങി. പ്രതിവർഷം 2827 ടൺ കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനത്തിന് തുല്യമായ വൈദ്യുത ഊർജ്ജ ഉത്പാദനമാണ് അനർട്ടിന്റെ രണ്ട് മെഗാവാട്ട് സൗരോർജ്ജ പദ്ധതിയിലൂടെ നടപ്പാകുന്നത്. ഇത് പദ്ധതിയുടെ പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നു.

ഇതു കൂടാതെ 96 പൊതു സ്ഥാപനങ്ങളിലെ സോളാർ പ്ലാന്റുകളിലൂടെ 321 കിലോവാട്ട് വൈദ്യുത ഉത്പാദനവും നടക്കുന്നു. ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ശീതസംഭരണികൾ, കയർ റാട്ടുകൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഊർജ്ജ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്്. കൂടുതൽ മേഖലകളിലേക്ക് അക്ഷയോർജ്ജ സോത്രസ്സുകളുടെ ഉപയോഗം വ്യാപിപ്പിച്ച് ഭാവിയിൽ കേരളത്തെ ഹരിതോർജ്ജ സംസ്ഥാനമാക്കാനുള്ള നടപടികളാണ് സർക്കാർ കഴിഞ്ഞ നാലര വർഷം സ്വീകരിച്ചത്.

#keralastop50policiesandprojects

#KeralaLeads