കാസര്‍ഗോഡ്:  പട്ടികജാതി വികസന വകുപ്പിന്റ വെള്ളച്ചാലിലെ ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹയര്‍ സെക്കന്ററി ഹോസ്റ്റല്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി 11 ന് ഉച്ചക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പട്ടികജാതി, പട്ടിക വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും. ഹോസ്റ്റലില്‍ നടക്കുന്ന ചടങ്ങില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് എം രാജഗോപാവന്‍ എം എല്‍ എ ശിലാഫലകം അനാഛാദനം ചെയ്യും.

ഹയര്‍ സെക്കന്ററി വിഭാഗത്തിനുള്ള പ്രത്യേക ഹോസ്റ്റല്‍ ബ്ലോക്കാണ് 3.92 കോടി രൂപ ചെലവില്‍ പട്ടികജാതി വികസന വകുപ്പ് നിര്‍മിച്ചത്. കിഫ്ബി വഴി കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ 2019 ലാണ് പ്രവര്‍ത്തി ആരംഭിച്ചത്. 100 വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ താമസ സൗകര്യമുണ്ടാകും. ഡൈനിംങ് ഹാള്‍, പഠന മുറി, വായനാ മുറി, സിക്ക് റൂം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് പുതിയ ഹോസ്റ്റലില്‍ ഒരുക്കിയിട്ടുള്ളത്.

നിലവില്‍ 161 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. പത്താം തരം വരെയുള്ള 210 വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനുള്ള വിശാലമായ ഹോസ്റ്റല്‍ നിലവിലുണ്ട്. 18 വര്‍ഷം പൂര്‍ത്തിയാക്കി സ്ഥാപനത്തിലേക്ക് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മാര്‍ച്ചില്‍ തുടങ്ങും. അഞ്ചാംതരത്തിലേക്ക് പ്രവേശ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുന്നത്.