പാലക്കാട് – പൊന്നാനി റോഡില് ഒറ്റപ്പാലം കണ്ണിയംപുറത്ത് നിര്മ്മാണം പൂര്ത്തിയാക്കിയ കണ്ണിയംപുറം പാലം ഫെബ്രുവരി ആറിന് രാവിലെ 10.30 ന് പൊതുമരാമത്ത് – രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് വീഡിയോ കോണ്ഫറന്സിലൂടെ നാടിന് സമര്പ്പിക്കും. 2018-19 ബജറ്റില് ഉള്പ്പെടുത്തി 4.30 കോടി ചെലവില് കണ്ണിയംപുറം തോടിന് കുറുകെയാണ് പാലം നിര്മ്മിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 27ന് നിര്മ്മാണം ആരംഭിച്ച പാലം യാഥാര്ത്ഥ്യമാകുന്നതോടെ പാലക്കാട്- പൊന്നാനി ഭാഗങ്ങളില് നിന്ന് ഷൊര്ണ്ണൂര്, പട്ടാമ്പി, തൃശ്ശൂര്, ഒറ്റപ്പാലം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിരവധി ആളുകളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും.
പാലത്തിനു സമീപമുള്ള കോ-ഓപ്പറേറ്റീവ് കോളേജ് പരിസരത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില് പി. ഉണ്ണി എം.എല്.എ അധ്യക്ഷനാകും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന പ്രസാദ് മുഖ്യാതിഥിയാകും. പൊതുമരാമത്ത് വകുപ്പ് പാലങ്ങള് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര് എസ്.ഹരീഷ് റിപ്പോര്ട്ട് അവതരിപ്പിക്കും. ഒറ്റപ്പാലം നഗരസഭാ ചെയര്പേഴ്സണ് കെ. ജാനകി ദേവി, വൈസ് ചെയര്മാന് കെ. രാജേഷ്, മറ്റ് കൗണ്സിലര്മാര്, രാഷ്ട്രീയ പ്രതിനിധികള്, പൊതുമരാമത്ത് വകുപ്പ് (പാലങ്ങള് വിഭാഗം) ഉദ്യോഗസ്ഥര് പങ്കെടുക്കും.