പാലക്കാട്: ആരോഗ്യവകുപ്പ് മുഖേന കഴിഞ്ഞ അഞ്ചു വര്ഷക്കാലയളവില് ഗുരുതരാവസ്ഥയിലുള്ള രോഗികള്ക്കായി 24 ബെഡുകളോടെ മെഡിക്കല് ഐ.സി.യു ഉള്പ്പെടെയുളള സജ്ജീകരണങ്ങളാണ് പാലക്കാട് ജില്ലാ ആശുപത്രിയില് നടപ്പാക്കിയത്. ത്വക്ക്രോഗ വിഭാഗത്തില് സ്‌കിന് ഒ.ടി പ്രവര്ത്തനമാരംഭിച്ചതിന് പുറമെ ഇലക്ട്രോ കോട്ടറി, മൈക്രോഡെര്മാബ്രേഷന്, ഫോട്ടോതെറാപ്പി, സ്‌കിന് ബയോപ്‌സി, നെയില് സര്ജറി, സ്‌കിന് ടാഗ് എക്‌സിഷന്, വാര്ട്ട് റിമൂവല് തുടങ്ങിയവ നടത്തിവരികയാണ്. ഗുരുതര രോഗികള്ക്കായി വാര്ഡുകളില് ഹൈ ഡിപ്പന്ഡന്സി യൂണിറ്റുകള് സജ്ജമാക്കി.
കാത്ത് ലാബില് എഫ്.എഫ്.ആര് (ഫ്രാക്ഷനല് ഫ്ളോ റിസര്വ്), ട്രെഡ്മില് തുടങ്ങിയവ പ്രവര്ത്തനസജ്ജമാക്കി. കൂടാതെ നാല് കിടക്കകള് അധികമായി ചേര്ത്ത് കാത്ത് ലാബ് ഐ.സി.യുവും വിപുലീകരിച്ചു. നിലവില് ഉണ്ടായിരുന്ന ട്രോമാ ഐ.സി.യു സംവിധാനത്തിനു പുറമെ 24 കിടക്കകളുള്ള പോസ്റ്റ് ഒ.പി ഐ.സി.യു ആരംഭിക്കുകയും ഇവിടെ സര്ജറി കഴിഞ്ഞ രോഗികളെ നിരീക്ഷിക്കുകയും ചെയ്തു വരികയാണ്.
ന്യൂറോളജി ഡിപ്പാര്ട്ട്മെന്റില് സ്‌ട്രോക്ക് യൂണിറ്റ് , ഇ.ഇ.ജി എന്നിവ സ്ഥാപിച്ചു. കമ്പ്യൂട്ടറൈസ്ഡ് എക്‌സ്-റേ, ഡെന്റല് എക്‌സ്-റേ, മാമ്മോഗ്രാം എന്നിവയുടേയും പ്രവര്ത്തനമാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില് ഓക്‌സിജന്റെ ആവശ്യം കൂടുന്നതിനാല് ലിക്വിഡ് ഓക്‌സിജന് പ്ലാന്റ് സ്ഥാപിച്ചു. കൂടാതെ ജില്ലയില് വിവിധ സര്ക്കാര് ആശുപത്രികളിലായി 52 ഓളം ഡയാലിസിസ് മെഷീനുകളും സ്ഥാപിക്കുകയുണ്ടായി.
ജില്ലാ പഞ്ചായത്ത് മുഖേന ജില്ലാ ആശുപത്രിയില് നടപ്പാക്കിയത് വിവിധ പദ്ധതികള്
ജില്ലാ ആശുപത്രിയില് ജില്ലാ പഞ്ചായത്ത് 9.5 കോടി ചെലവിലാണ് എം.ആര്.ഐ സ്‌കാനിങ്, നേത്ര ശസ്ത്രക്രിയ സംവിധാനങ്ങള് ഒരുക്കിയിട്ടുള്ളത്. 2019- 2020 വാര്ഷിക പദ്ധതിയിലുള്പ്പെടുത്തി എം.ആര്.ഐ സ്‌കാന് സംവിധാനത്തിന് 7.5 കോടി, നേത്ര ശസ്ത്രക്രിയ സംവിധാനത്തിന് രണ്ട് കോടി എന്നിങ്ങനെ 9.5 കോടി രൂപയാണ് നീക്കിവെച്ചത്. വയോധികരുടെ പ്രത്യേക പരിപാലനം ലക്ഷ്യമിട്ട് ജില്ലാ ആശുപത്രിയില് 89.14 ലക്ഷം ചെലവില് ജെറിയാട്രിക് വാര്ഡ് നിര്മിക്കുകയും തുടര്ന്ന് നവീകരണ പ്രവര്ത്തനങ്ങള് നടപ്പാക്കുകയും ചെയ്തു. കൂടാതെ 25.99 ലക്ഷം ചെലവില് യൂറോളജി വിഭാഗവും 19.99 ലക്ഷം ചെലവില് നെഫ്രോളജി വിഭാഗവും സജ്ജീകരിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2018-2019 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി ജില്ലാ ആശുപത്രിയിലെ സമഗ്ര മാലിന്യ നിര്മ്മാര്ജനത്തിനായി ഒരു കോടി വകയിരുത്തിയതില് പൊട്ടിയ സാനിറ്റേഷന് പൈപ്പുകള് മാറ്റി സ്ഥാപിച്ചു. ഡ്രൈനേജ് പുതുക്കി പണിതു. ജൈവമാലിന്യ സംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. പുറമെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന് ഒരു മെറ്റീരിയല് റിക്കവറി ഫെസിലിറ്റിയും (എം.ആര്.എഫ്) സജ്ജമാക്കി. ഇതിനകം 70 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചു. ബയോ മെഡിക്കല് വേസ്റ്റുകള് ഐ.എം.എ.യുടെ സംഘടനയായ ‘ഇമേജ്’ ശേഖരിക്കുന്നുണ്ട്.
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി സ്വയംപര്യാപ്തത നേടുക ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില് തുടക്കമിട്ട പദ്ധതിയാണ് സൗരോര്ജ വൈദ്യുതി ഉത്പാദന പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് 20 കിലോവാട്ട് ശേഷിയുള്ള സൗരോര്ജ്ജ വൈദ്യുതി പാനലുകളാണ് ജില്ലാ ആശുപതിയില് സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ ആശുപതിയില് നടപ്പാക്കിവരുന്ന നിരവധി വികസന പ്രവര്ത്തനങ്ങളുടെ തുടര്ച്ചയാണ് സോളാര് പദ്ധതി. ജില്ലാ ആശുപത്രിയില് സ്ഥാപിച്ചിരിക്കുന്ന 20 കിലോവാട്ട് ശേഷിയുള്ള സൗരോര്ജ്ജ പാനലുകളില് നിന്നും പ്രതിദിനം 80 മുതല് 100 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ജില്ലാ ആശുപത്രിയില് നവീകരിച്ച ജാലക മോര്ച്ചറി ജില്ലാ പഞ്ചായത്ത് ഫണ്ടില് നിന്നും 17 ലക്ഷം രൂപ ചെലവില് സജ്ജമാക്കി.
ജില്ലാ ആശുപത്രിയില് പുതുതായി ആരംഭിച്ച ജെറിയാട്രിക് വാര്ഡില് പ്രായമായവര്ക്ക് പ്രത്യേക സൗകര്യം ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാം നിലയില് ആരംഭിച്ച ജെറിയാട്രിക് വാര്ഡില് 75 പേര്ക്ക് കിടത്തി ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില് സ്ഥാപിച്ച മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ ഭാഗമായി ബയോഗ്യാസ് പ്ലാന്റ്, ജലസംഭരണി, മലിനജലവും മഴവെള്ളവും ഒഴുക്കി കളയുന്നതിനുള്ള സംവിധാനം എന്നിവ ഏര്പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടില് നിന്നും 82 ലക്ഷം രൂപ ചെലവഴിച്ചാണ് മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കിയിട്ടുള്ളത്.