പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഒ.പി ബ്‌ളോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

പാലക്കാട് മെഡിക്കല്‍ കോളേജ് സജ്ജമാകുന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി ഈ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടല്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ പുതിയ ഒ.പി ബ്‌ളോക്കിന്റെയും ജനറല്‍ മെഡിസിന്‍ ഐ.പി വിഭാഗത്തിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒ.പി വിഭാഗം, ഓപ്പറേഷന്‍ തിയറ്ററുകള്‍, വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന 500 ബെഡുകള്‍ ഉള്ള ആശുപത്രി ബ്‌ളോക്കിനായി 330 കോടി രൂപയാണ് ഈ സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ ഒ.പി ബ്‌ളോക്കാണ് പ്രവര്‍ത്തനസജ്ജമായത്. മറ്റു ബ്ലോക്കുകള്‍ ഈ വര്‍ഷം തന്നെ നാടിന് സമര്‍പ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി പ്രവര്‍ത്തിച്ചിരുന്ന ഒ.പി കളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറുന്നത്. മൂന്നു ടവറുകളിലായി നാലു നിലകളിലാണ് ഒ.പി വിഭാഗം പ്രവര്‍ത്തിക്കുക.

ആദ്യഘട്ടമെന്ന നിലയ്ക്ക് ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം, മനോരോഗ വിഭാഗം, ത്വക്ക്രോഗ വിഭാഗം എന്നിവയുണ്ടാകും. അധികം വൈകാതെ മറ്റ് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുവരെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം ജില്ലാ ആശുപത്രിയില്‍ ലഭ്യമാകും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്ലാത്തതിനാല്‍ പാലക്കാട്ടുകാര്‍ മുമ്പ് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍, കോയമ്പത്തൂര്‍ പോകേണ്ട അവസ്ഥയായിരുന്നു.

ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിനു പുറമേ, അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 406 തസ്തികകള്‍ മെഡിക്കല്‍ കോളേജില്‍ സൃഷ്ടിച്ചു. ഒപി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മാത്രമായി 101 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. ഇതു കൂടാതെ 12 മേജര്‍ സ്‌പെഷ്യാലിറ്റി ഒപികള്‍, 12 അത്യാധുനിക മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍, രാജ്യാന്തര നിലവാരത്തിലുള്ള ലെവല്‍-1 ട്രോമ കെയര്‍, നൂതന പീഡിയാട്രിക് വിഭാഗം, എമര്‍ജന്‍സി മെഡിസിന്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ന്യുമാറ്റിക് ട്രാന്‍സ്ഫര്‍ സിസ്റ്റം എന്നിവയും എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കും.

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എം.ബി.ബി.എസിന് കൂടുതല്‍ അവസരം ലഭ്യമാക്കാനാണ്. ആ ലക്ഷ്യം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഒട്ടേറെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ ആരംഭിക്കാനായി.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍ ബ്‌ളോക്ക്, അക്കാദമിക് ബ്‌ളോക്ക് എന്നിവ പൂര്‍ത്തിയായിരുന്നു. ഇതിനുപുറമേയാണിപ്പോള്‍ ഒ.പി ബ്‌ളോക്കും യാഥാര്‍ഥ്യമായത്.

പട്ടികജാതി, പട്ടികവര്‍ഗ വികസനത്തിന് മുന്തിയ പരിഗണനയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കുന്നത്. അധിക ബജറ്റ് വിഹിതം അനുവദിച്ച് മാതൃകാപരമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.