പാലക്കാട്: രക്തസാക്ഷി ദിനാചാരണത്തിൽ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഇത് കേരളത്തിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തിൽ ഗാന്ധി സ്‌മൃതി മന്ദിരം ഉദ്ഘടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാര ലംഘനത്തിന്റെ പേരിൽ ഗാന്ധിജിക്ക് പോലും വിമർശനം എൽക്കേണ്ടി വന്നു. തെറ്റായ ആചാരങ്ങളെ ഇല്ലാതാക്കിയാൽ മാത്രമേ സമൂഹത്തിന് മുന്നോട്ട് പോകാൻ കഴിയൂ. സാമൂഹ്യ പുരോഗതിയെ പിന്നോട്ടടിക്കാൻ ആരെയും അനുവദിക്കില്ല. ശബരി ആശ്രമത്തിന്റെ ചരിത്ര പ്രധാന്യവും, അതിന് നേതൃത്വം നല്കിയവരെയും അവരുടെ പ്രവർത്തനവും സ്മരിച്ച മുഖ്യമന്ത്രി ശബരി ആശ്രമത്തിന്റെ ചരിത്രം പുതിയ തലമുറ പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി-പട്ടികവര്ഗ്ഗ- പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് അധ്യക്ഷനായി. ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടവർ അത് അവഗണിക്കുന്നത് നല്ലതല്ലെന്ന് മന്ത്രി പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങൾക്കൊപ്പം സമൂഹത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്ക് സ്മാരകമൊരുക്കി സർക്കാർ ആദരിക്കുകയും അവരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയുമാണ്. സാംസ്ക്കാരിക വകുപ്പിനെ കേരളത്തിലെ ശ്രദ്ധേയമായ ഒരു വകുപ്പാക്കി മാറ്റാൻ കഴിഞ്ഞത് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്നും മന്ത്രി പറഞ്ഞു. മലമ്പുഴയിൽ തുടങ്ങാനിരിക്കുന്ന കൾച്ചറൽ സെന്ററിന് ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ മൂന്നര ഏക്കർ സ്ഥലം കണ്ടെത്തിയതായും പറഞ്ഞു.
ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി പരിപാടിയിൽ മുഖ്യാതിഥിയായി. ശബരി ആശ്രമ സ്ഥാപകൻ കൃഷ്ണസ്വാമി അയ്യരുടെ പ്രവർത്തനങ്ങൾ സർക്കാർ അംഗീകരിക്കുന്നതാണ് ആശ്രമത്തിന്റെ വികസനം. സാംസ്ക്കാരിക രംഗത്ത് മാത്രമല്ല എല്ലാ മേഖലയിലും സർക്കാരിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ വി.എസ് അച്യുതാനന്ദൻ എം.എൽ.എയുടെ സന്ദേശം പ്രതിനിധി അനിൽകുമാർ വായിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്,അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ്, ഡോ.ജി ശങ്കർ, കേരള ഹരിജൻ സേവക് സംഘ് കേരള ചെയർമാൻ ഡോ. എൻ ഗോപാലകൃഷ്ണൻ നായർ, സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടർ ടി.ആർ സദാശിവൻ നായർ എന്നിവർ സംസാരിച്ചു.