ഭരണഘടന ശില്പി ഡോ. ബി.ആര്‍ അംബേദ്കറുടെ സ്മരണാര്‍ത്ഥം പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഡോ. ബി.ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഓണ്‍ലൈനായി പട്ടികജാതി – പട്ടികവര്‍ഗ- നിയമ -സാംസ്‌കാരിക – പാര്‍ലമെന്ററി കാര്യ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി.
പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. വിദ്യാഭ്യാസവും തൊഴിലവസരവും സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ഈ വിഭാഗക്കാരുടെ ഉയര്‍ച്ച സാധ്യമാവൂ. അതിനുള്ള പരിശ്രമങ്ങളാണ് കഴിഞ്ഞ അഞ്ച്‌വര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതോടൊപ്പം തൊഴില്‍പരമായ അവസരങ്ങള്‍ ഉറപ്പുവരുത്താനും സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി കഴിഞ്ഞു. നിരവധി പേര്‍ക്ക് സ്വദേശത്തും വിദേശത്തുമായി തൊഴില്‍ നല്‍കാനും കഴിഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ് ടു, പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖല, സാങ്കേതിക പഠന മേഖലകളില്‍ സംസ്ഥാനത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ മികച്ച നിലവാരം ഉണ്ടാക്കാന്‍ സാധിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നായി എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ 1399 പേര്‍ 2019 ല്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത് വലിയ നേട്ടമാണ്. ഈ വിഭാഗക്കാരുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച ദൃശ്യ- ശ്രവ്യ- അച്ചടി മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കാണ് അംബേദ്കര്‍ മാധ്യമ പുരസ്‌കാരം നല്‍കിയത്. അച്ചടിമാധ്യമ വിഭാഗത്തില്‍ മാധ്യമം ചീഫ് സബ് എഡിറ്റര്‍ ആര്‍ കെ ബിജുരാജിനാണ് പുരസ്‌കാരം. സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് സമകാലിക മലയാളം വാരിക സ്റ്റാഫ് കറസ്പോണ്ടന്റ് രേഖ ചന്ദ്ര, ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ സതീഷ് ഗോപി എന്നിവരാണ് അര്‍ഹരായത്.
ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ ജി പ്രസാദ് കുമാറാണ് പുരസ്‌കാരജേതാവ്. ജീവന്‍ ടി.വി റിപ്പോര്‍ട്ടര്‍ സിജോ വര്‍ഗീസ്, ന്യൂസ് 18 കേരള സീനിയര്‍ കറസ്പോണ്ടന്റ് എസ് വിനേഷ് കുമാര്‍ എന്നിവര്‍ക്കാണ് ദൃശ്യമാധ്യമ വിഭാഗത്തിലെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്. ശ്രവ്യ മാധ്യമ വിഭാഗത്തില്‍ കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്. എമ്മിലെ അമൃതയ്ക്കാണ് പുരസ്‌കാരം. 2019 എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡലും പരിപാടിയില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ മുഖ്യാതിഥിയായി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി. ഐ.ശ്രീവിദ്യ, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍, പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടോമി ചാക്കോ, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.