കേരളത്തില്‍ ആറു ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ കേരളമടക്കം 10 സംസ്ഥാനങ്ങളില്‍കൂടി കൊടുങ്കാറ്റിനു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. ഇന്നുമുതല്‍ രണ്ടുദിവസത്തേക്കാണു ജാഗ്രതാനിര്‍ദേശം. ആറു ജില്ലകളില്‍ കനത്ത നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിനുസാധ്യതയുണ്ടെന്നു സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പുണ്ട്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലാ അധികൃതര്‍ക്കു ദുരന്തനിവാരണ അതോറിറ്റി അതീവജാഗ്രതാനിര്‍ദേശം നല്‍കി. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുത്. അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു തയാറായിരിക്കാന്‍ പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആരോഗ്യം, ഫിഷറീസ്, റവന്യൂ, വൈദ്യുതി വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്കു സുരക്ഷാസജ്ജീകരണങ്ങള്‍  ഒരുക്കാന്‍ ജില്ലാ അധികൃതരോടു നിര്‍ദേശിച്ചിട്ടുണ്ട്.