തൃശ്ശൂർ: പ്രകൃതി വിഭവ സംരക്ഷണവും നീർത്തട വികസനവും ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഹോട്ടൽ പേൾ റീജൻസിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷയായി. ജില്ലയിലെ ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണ് പരിശീലനം നൽകിയത്.

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ചടയമംഗലത്തെ സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ജില്ലയിൽ പരിപാടി സംഘടിപ്പിച്ചത്.

2020 – 21 സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി വിവിധ കേന്ദ്രങ്ങളിൽ വച്ച് പ്രകൃതിവിഭവ സംരക്ഷണം എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായാണിത്. കോർപറേഷൻ കൗൺസിലർമാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരടങ്ങുന്ന നൂറിലധികം ജനപ്രതിനിധികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

മണ്ണ് സംരക്ഷണ അസിസ്റ്റന്റ് ഡയറക്ടർമാരായ അരുൺ കുമാർ, ഡോ അനുമേരി സി ഫിലിപ്പ് എന്നിവർ ക്ലാസുകൾ നയിച്ചു. പരിശീലന കേന്ദ്രം മേധാവി റോയ് മാത്യു, മണ്ണ് പര്യവേക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബേബി സുജാത, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ സിന്ധു പി ഡി തുടങ്ങിയവർ പങ്കെടുത്തു.