കക്കാട് നീന്തല്‍ കുളം ഉദ്ഘാടനം ചെയ്തു
കായികക്ഷമതയുള്ള കുട്ടികള്‍ ഏറെയുള്ള ഗ്രാമങ്ങളിലേക്ക് കായിക പരിശീലന കേന്ദ്രങ്ങള്‍ വികേന്ദ്രീകരിക്കപ്പെടണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സംസ്ഥാന യുവജന കായിക മന്ത്രാലയവും ജില്ലാ സ്‌േപാര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നിര്‍മിച്ച കക്കാട് നീന്തല്‍ക്കുളം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍നഗരങ്ങളില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ കേന്ദ്രീകരിക്കപ്പെടുന്നതിന് പകരം ഗ്രാമങ്ങളിലെ നല്ല കായികക്ഷമതയുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് സൗകര്യമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയ പോലുള്ള കൊച്ചുരാജ്യം സ്‌പോര്‍ട്‌സ് രംഗത്ത് വലിയ പുരോഗതി കൈവരിച്ചതിനു പിന്നില്‍ അവരുടെ സൂക്ഷ്മതയോടെയുള്ള പരിശീലനവും അതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ മേയര്‍ ഇ പി ലത അധ്യക്ഷയായി. നീന്തല്‍ പരിശീലനം കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനംചെയ്തു. സ്‌പോര്‍ട്‌സ് എന്‍ജിനീയറിങ് വിങ് ചീഫ് എന്‍ജിനീയര്‍ മോഹന്‍കുമാറിന് സ്പീക്കര്‍ ഉപഹാരം നല്‍കി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പ്രകാശന്‍, ഫുട്ബാള്‍താരം സി കെ വിനീത്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ വിനോദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്‌ാേപര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ് സ്വാഗതവും സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയിലുള്ള 94 സെന്റ് സ്ഥലത്താണ് 1.04കോടി രൂപചെലവില്‍ 25മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയുമുള്ള നീന്തല്‍ക്കുളം ഒരുക്കിയത്. ആറ് ട്രാക്കുള്ള നീന്തല്‍ക്കുളത്തില്‍ രാത്രിയില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.