പരസ്യ ചിത്രങ്ങൾ മന്ത്രി പ്രകാശനം ചെയ്തു

സംസ്ഥാന വനിത വികസന കോർപറേഷന്റെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ നിർമ്മിച്ച ചിത്രങ്ങളുടെ പ്രകാശനം ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിച്ചു. സ്ത്രീ മുന്നേറ്റത്തിന് കൈത്താങ്ങും സഹയാത്രികയുമായ വനിത വികസന കോർപ്പറേഷനെ കുറിച്ചും കോർപ്പറേഷന്റെ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നായ മിത്ര 181 വനിത ഹെൽപ് ലൈനിനെ കുറിച്ചും പ്രചരണവും അവബോധവും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരസ്യ ചിത്രങ്ങൾ തയ്യാറാക്കിയത്.

സംസ്ഥാന വനിത വികസന കോർപറേഷന് കഴിഞ്ഞ നാലര വർഷം കൊണ്ട് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതും ഉപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനും കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി  പറഞ്ഞു.  വനിത ശിശുവികസന വകുപ്പ് യാഥാർത്ഥ്യമായതോടെ വനിത വികസന കോർപ്പറേഷന് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ സാധിക്കുന്നു. വനിതകൾക്ക് കുറഞ്ഞ പലിശയ്ക്ക് സഹായ വായ്പകൾ അനുവദിക്കാനും അവരെ സഹായിക്കാനും സാധിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിയായി വനിത വികസന കോർപറേഷൻ പ്രവർത്തിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. വനിത വികസന കോർപറേഷന്റെ സേവനങ്ങളും മിത്ര 181ന്റെ സേവനങ്ങളും ജനങ്ങളിലെത്തിക്കാനാണ് പരസ്യ ചിത്രങ്ങൾ നിർമ്മിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സേഫ് സ്റ്റേ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചും ചലച്ചിത്രതാരം മീര നന്ദൻ ഓൺലൈനിൽ നിർവഹിച്ചു. വനിത വികസന കോർപറേഷന്റെ മികച്ച പദ്ധതികളിൽ ഒന്നായ മിത്ര 181 എന്ന ടോൾ ഫ്രീ നമ്പറിലൂടെ 24 മണിക്കൂറും വിവിധ വിവരങ്ങൾ അന്വേഷിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ മാർഗനിർദ്ദേശം ലഭിക്കുന്നതിനും കൗൺസലിംഗിനും രക്ഷാസേവനത്തിനും വിളിക്കാം.

വനിതകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിന് അവരുടെ ചലനാത്മകത പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷൻ സേഫ് സ്റ്റേ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും വൃത്തിയുള്ളതുമായ ഹൃസ്വകാല താമസ സൗകര്യം മിതമായ നിരക്കിൽ സംസ്ഥാനത്തുടനീളം ഉറപ്പുവരുത്തുന്നതിന് ആദ്യ ഘട്ടത്തിൽ 40 ഹോസ്റ്റലുകൾ ആണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവയുടെ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനകരമാക്കാൻ വേണ്ടിയാണ് വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിരിക്കുന്നത്.

വി.കെ. പ്രശാന്ത് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. സംവിധായകർക്കും സോഫ്റ്റ്വെയർ വികസിപ്പിച്ചവർക്കുമുള്ള  ഉപഹാരങ്ങൾ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ വിതരണം ചെയ്തു. ചലച്ചിത്രതാരം മഞ്ജു വാര്യർ ചടങ്ങിൽ ഓൺലൈനായി സംബന്ധിച്ചു. വനിത വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സലീഖ, മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ സെക്രട്ടറി മുഹമ്മദ് അൻസാരി, വനിത വികസന കോർപറേഷൻ മാനേജർ എസ്. ആശ എന്നിവർ പങ്കെടുത്തു.