ഭൂപരിപാലനത്തിന് കാലഘട്ടത്തിനനുസൃതമായി ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ നൂതന ജിയോസ്പേഷ്യൽ സാങ്കേതിക വിദ്യയായ കണ്ടിന്യൂവസ് ഓപറേറ്റിംഗ് റെഫറൻസ് സ്റ്റേഷനുകൾ (CORS) സംസ്ഥാനത്ത് സ്ഥാപിക്കാനുള്ള നടപടിയ്ക്ക് തുടക്കമാകുന്നു.
സി.ഒ.ആർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ സർവേ പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന മാനവശേഷിയും, സർവെ ജോലികളുടെ കാലതാമസവും കുറച്ച്, കൂടുതൽ കൃത്യതയിൽ നിർവഹിക്കാനാകും. പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ സർവേ റിക്കാർഡുകൾ തയാറാക്കുന്നതിനാൽ ആധുനിക വിവര സാങ്കേതികവിദ്യയുടെ സഹായത്താൽ ഓൺലൈനായി ഭൂവുടമകൾക്ക് സേവനം നൽകാനുമാകും. അടങ്കൽ തുകയായി 12 കോടി രൂപ വകയിരുത്തിയ പദ്ധതിയിൽ ഏകദേശം എട്ടു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 28 സി.ഒ.ആർ സ്റ്റേഷനുകൾ സംസ്ഥാനത്ത് സ്ഥാപിക്കും. ശേഷിക്കുന്ന തുക വിനിയോഗിച്ച് അനുബന്ധ ഉപകരണമായ റിയൽ ടൈം കൈൻമാറ്റിക് മെഷീനുകൾ വാങ്ങും.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയ പ്രാവീണ്യവും, പരിചയ സമ്പത്തും കണക്കിലെടുത്ത് സർവേ ഓഫ് ഇന്ത്യ മുഖേനയാണ് കേരളത്തിൽ സി.ഒ.ആർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. നാവിഗേഷൻ സാറ്റലൈറ്റുകളെ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന സി.ഒ.ആർ സ്റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർ.ടി.കെ മെഷീനുകൾ ഉപയോഗിച്ചാണ് സർവേ ചെയ്യുന്നത്.
സർവേ വകുപ്പിനെ കൂടാതെ ഇതര വകുപ്പുകൾക്കും ഉപയോഗിക്കാവുന്ന ഈ സംവിധാനം സ്ഥാപിക്കാനുള്ള നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ സാങ്കേതിക സംവിധാനത്തിൽ മതിയായ പരിശീലനവും സർവെ ഓഫ് ഇന്ത്യ മുഖേന ജീവനക്കാർക്ക് നൽകും.

റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിദ്ധ്യത്തിൽ സി.ഒ.ആർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം സർവെയും ഭൂരേഖയും വകുപ്പ് ഡയറക്ടർ ആർ.ഗിരിജ, സർവെ ഓഫ് ഇന്ത്യയുടെ കേരള ആൻറ് ലക്ഷദ്വീപ് ജി.ഡി.സി ഡയറക്ടർ പി.വി.രാജശേഖർ എന്നിവർ ജനുവരിയിൽ ഒപ്പിട്ടിരുന്നു. സംസ്ഥാനത്ത് സ്ഥാപിക്കേണ്ട 28 പോയിന്റുകളുടെ സ്ഥാനം ഭൂമിയിൽ കണ്ടെത്തുന്ന ജോലികൾ പുരോഗതിയിലാണ്. ഇവയുടെ സ്ഥാനങ്ങൾ സർവേ ഓഫ് ഇന്ത്യയുമായി സംയുക്ത പരിശോധന നടത്തി അന്തിമമാക്കി സമ്മതപത്രം ലഭ്യമാക്കിയശേഷം സ്ഥാപിക്കും.