കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 1.72% വർധനവും, കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 21.01% വർധനവുമാണ് രേഖപ്പെടുത്തിയത്. 2023-ൽ 43,647 കോടി രൂപയാണ് ടൂറിസം മേഖലയിലെ സംസ്ഥാനത്തിന്റെ വരുമാനം.

➣ സാഹസിക ടൂറിസം: കേരളത്തെ സാഹസിക ടൂറിസം പദ്ധതികളുടെ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെ സജ്ജമാക്കി, സഞ്ചാരികളെ ആകർഷിക്കുന്നു. അന്താരാഷ്ട്ര കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവൽ, വർക്കലയിൽ നടത്തിയ ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവൽ, വാഗമണ്ണിൽ നടന്ന ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ എന്നിവ അന്താരാഷ്ട്ര ശ്രദ്ധ നേടി. തുഷാരഗിരി കയാക്കിംഗ് അക്കാദമിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി. സംസ്ഥാനത്ത് ആദ്യമായി ഗോതീശ്വരം ബീച്ചിൽ സർഫിംഗ് അക്കാദമിക്ക് തുടക്കമിട്ടു. ആക്കുളത്ത് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങൾക്കും തുടക്കമായി. കേരളത്തിലെ ട്രെക്കിംഗ്-ഹൈക്കിംഗ് പാതകൾ മാപ്പ് ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു.

➣ സിനി ടൂറിസം: സിനിമകളിലൂടെ മനസ്സിൽ പതിഞ്ഞ ലൊക്കേഷനുകളെ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്ന സിനി ടൂറിസം പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം വെള്ളായണിയിലെ ‘കിരീടം പാലം’ നവീകരണ പരിപാടികൾ ഇതിന്റെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞു.

➣ ബീച്ച് ടൂറിസം: ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഫ്‌ലോട്ടിംഗ് ബ്രിഡ്ജുകൾ ഉൾപ്പെടെ സ്ഥാപിച്ചു. കേരളത്തിലെ സുപ്രധാന ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിന്റെ മുഖച്ഛായ മാറ്റിക്കൊണ്ട്, ധർമ്മടം തുരുത്തിനെക്കൂടി ബന്ധിപ്പിച്ച് 80 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നു. തീരദേശപാത സഫലമാകുന്നതോടെ ബീച്ച് ടൂറിസം പുതിയ തലത്തിലേക്ക് ഉയരും.

➣ പ്രാദേശിക ടൂറിസം: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ടൂറിസം ഇവന്റായി മാറി. കേരളത്തിന്റെ വള്ളംകളിക്ക് ലോകപ്രശസ്തി നൽകാനും ലോകസഞ്ചാരികളെ ആകർഷിക്കാനും ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയകരമായി സംഘടിപ്പിക്കുകയും മലബാറിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

➣ ഡെസ്റ്റിനേഷൻ ചലഞ്ച്: ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ടൂറിസം സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാൻ പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷനുകളെ വളർത്തിക്കൊണ്ടുവരാൻ ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതി ആരംഭിച്ചു. ഇതിനകം 40 പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ലോകവ്യാപകമായി വികസിച്ചുവരുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് കേരളത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രാവൽ ആൻഡ് ലിഷർ മാഗസീൻ കേരളത്തെ ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തിട്ടുണ്ട്.

➣ ടൂറിസം ക്ലബ്ബുകൾ: നാളെയുടെ ശില്പികളാകേണ്ട വിദ്യാർത്ഥികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ കോളേജുകളെ കോർത്തിണക്കി ടൂറിസം ക്ലബ്ബുകൾ ആരംഭിച്ചു.സംസ്ഥാനത്ത് 523 കോളേജുകളിൽ ടൂറിസം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്ലബ്ബുകൾ വിനോദസഞ്ചാര മേഖലയിലേക്ക് പുതിയ തലമുറയെ ആകർഷിക്കാനും വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താനും സഹായിക്കുന്നു. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിലും പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നതിലും ക്ലബ്ബുകൾ മുൻകയ്യെടുക്കുന്നു. ടൂറിസം കേന്ദ്രങ്ങളിൽ സംരംഭങ്ങൾ തുടങ്ങാനും ക്ലബ്ബ് അംഗങ്ങൾക്ക് അവസരമുണ്ട്.

കേരളത്തിന്റെ തനത് പൈതൃകവും പ്രകൃതി സൗന്ദര്യവും നിലനിർത്തി, ടൂറിസം മേഖലയെ കൂടുതൽ ജനകീയവും സാമ്പത്തികമായി സുസ്ഥിരവുമാക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പ് നടപ്പാക്കുന്നത്.

കരുത്തോടെ കേരളം- 92