ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 1,55,544 പേർക്ക് പി. എസ്. സി വഴി നിയമനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് അഡൈ്വസ് മെമ്മോ നൽകിയ 4031 കെഎസ്ആർടിസി കണ്ടക്ടർമാരുടെ നിയമനം നടത്തിയതും ഈ സർക്കാരാണ്.
മുൻ സർക്കാരിന്റെ കാലത്ത് 3113 റാങ്ക് ലിസ്റ്റുകളാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഈ സർക്കാരിന്റെ കാലത്ത് പിഎസ്‌സി 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് ദീർഘിപ്പിക്കുന്നതിന് പിഎസ്‌സിയോട് ശുപാർശ ചെയ്തിട്ടുണ്ട്. 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇത്തരത്തിൽ നീട്ടുന്നത്. എൽഡിസി, ലാസ്റ്റ് ഗ്രേഡ്, 14 ജില്ലകളിലേയും സ്റ്റാഫ് നഴ്‌സ്, എൽഡി ഡ്രൈവർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, സിവിൽ സപ്ലൈസിൽ സെയിൽസ് അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകൾ കാലാവധി ദീർഘിപ്പിക്കുന്നതിൽ ഉൾപ്പെടുന്നു.
സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രത്യേക റിക്രൂട്ട്‌മെന്റ് പ്രക്രിയക്കു തന്നെ രൂപം നൽകി.
പിഎസ്‌സി നേരിട്ട് അവരുടെ വീടുകളിൽ ചെന്ന് അപേക്ഷ സ്വീകരിച്ച് ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്ന രീതി സ്വീകരിച്ചു. പൊലീസിലും എക്‌സൈസിലും ഇത്തരത്തിൽ പ്രത്യേക നിയമനങ്ങൾ നൽകി. ആരോഗ്യം, പൊലീസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിൽ നിയമനകാര്യത്തിലും തസ്തിക സൃഷ്ടിക്കലിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ സർക്കാർ 27,000 സ്ഥിരം തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. താത്ക്കാലിക തസ്തികകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് 44,000 വരും. കമ്പനി, ബോർഡ്, കോർപ്പറേഷൻ തുടങ്ങിയ 52 സ്ഥാപനങ്ങളിൽ നിയമനം ഇതിനകം പിഎസ്‌സിക്ക് വിടുകയും ചെയ്തു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താൽക്കാലിക നിയമനങ്ങളിലും സർക്കാർ മുന്നേറ്റമുണ്ടാക്കി. സർക്കാർ മേഖലയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 51,707 പേർക്ക് താൽക്കാലിക നിയമനം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി നിയമനം നടത്തേണ്ട ഒരു തസ്തികയിലും ഈ സർക്കാർ സ്ഥിര നിയമനം നടത്തിയിട്ടില്ല. നിയമനം പിഎസ്‌സിക്കു വിടാത്ത സ്ഥാപനങ്ങളിൽ അവിടത്തെ ഭരണപരമായ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ചില നിയമനങ്ങളാണ് നടത്തിയത്. ആ നിയമനങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.