ഈ വർഷത്തെ പഞ്ചായത്ത് ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം 19 ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കോവളം കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കുന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്, ഡോ. ശശി തരൂർ എം.പി, എം. വിൻസന്റ് എം.എൽ.എ., മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ഭരണ-വികസന പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള 2019-20 ലെ സ്വരാജ് ട്രോഫിയും മറ്റ് പുരസ്‌കാരങ്ങളും സമ്മേളനത്തിൽ വച്ച് സമ്മാനിക്കും.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പഞ്ചായത്ത് ദിനാഘോഷം പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും. വിവിധ പുരസ്‌കാരങ്ങൾ നേടിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള രണ്ട് പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും സമ്മേളന നടപടികൾ.
ആഘോഷ പരിപാടികളോടനുബന്ധിച്ചു 19 ന് രാവിലെ 10 മുതൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുൻ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിക്കും. അതോടൊപ്പം എല്ലാ തദ്ദേശഭരണ സ്ഥപനങ്ങളിലും പഞ്ചായത്ത് ദിനാഘോഷ പരിപാടികൾ പൂർണ്ണസമയം ഓൺലൈനായി കാണുന്നതിനുള്ള സൗകര്യം ഒരുക്കും. ത്രിതലപഞ്ചായത്ത് സംവിധാനത്തിന്റെ ഉപജ്ഞാതാവ് ഡോ. ബൽവന്ത് റായ് മേത്തയുടെ ജൻമദിനമായ ഫെബ്രുവരി 19 ആണ് കേരളത്തിൽ പഞ്ചായത്ത് ദിനമായി ആചരിച്ചു വരുന്നത്.