ആറന്മുളയില്‍ ഉത്ഖനനം ചെയ്‌തെടുത്ത പുരാവസ്തു ശേഖരം അടങ്ങിയ താത്കാലിക മ്യൂസിയം ആറന്മുള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഈമാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പ്രളയ സമയത്ത് കണ്ടെത്തിയ 300ല്‍ അധികം പുരാതന മണ്‍ശില്‍പ രൂപങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ക്രമീകരിക്കുന്നത്. തിരുവിതാംകൂര്‍ ഹെറിറ്റേജ് മ്യൂസിയത്തിന്റെ ഭാഗമായി ആറന്മുളയില്‍ മ്യൂസിയനിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും എംഎല്‍എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വികസന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ

പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍ഡില്‍ ഓപ്പണ്‍ സ്റ്റേജിനു സമീപമാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ‘മികവിന്റെ അഞ്ച് വര്‍ഷങ്ങള്‍’ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം ഒരുക്കിയത്. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണാന്‍ ധാരാളം ആളുകളാണ് എത്തിയത്.