കണ്ണൂർ: ജില്ലാ ആശുപത്രിക്ക് പുതുതായി അനുവദിച്ച 1.32 കോടിയുടെ ഉപകരണങ്ങള്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആശുപത്രിക്ക് സമര്‍പ്പിച്ചു. മന്ത്രിയുടെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച നാല് ഡയാലിസിസ് മെഷീനുകള്‍, മള്‍ട്ടിപാരാ മോണിറ്ററുകള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ എന്നിവയാണ് ജില്ലാ ആശുപത്രിക്ക് നല്‍കിയത്. ജനങ്ങളുടെ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ ആരോഗ്യമേഖലയില്‍ സാധ്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ആശുപത്രി മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
20 ലക്ഷം രൂപയുടെ നാല് ഡയാലിസിസ് മെഷീനുകള്‍, 10 ലക്ഷം രൂപയുടെ മള്‍ട്ടിപാരാ മോണിറ്ററുകള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഒരു കോടി രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയാണ് ആശുപത്രിക്കായി അനുവദിച്ചത്. ഇതോടെ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് മെഷീനുകളുടെ എണ്ണം 23 ആയി.
ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. രത്‌നകുമാരി, കന്റോണ്‍മെന്റ് സിഇഒ ദേവഗൗഡി മൗനിക, ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രീത, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
