കണ്ണൂർ: വെങ്ങര റയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.  കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വെങ്ങര റയില്‍വേ മേല്‍പാലം നിര്‍മ്മിക്കുന്നതിന് 21 കോടി രൂപയാണ് അനുവദിച്ചത്. 290.16 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന് 10.06 മീറ്റര്‍ വീതിയും 22.32 മീറ്റര്‍ വലുപ്പത്തില്‍ 13 സ്പാനുകളും ഉണ്ടാകും. നടപ്പാതയും, പാലത്തിലേക്ക്  പടവുകളും നിര്‍മ്മിക്കും.   വെങ്ങര റയില്‍വേ മേല്‍പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ നാടിന്റെ ദീര്‍ഘ നാളത്തെ  സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുക. മാടായി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് പഴയങ്ങാടി പട്ടണത്തിലേക്ക് എളുപ്പമെത്തിച്ചേരാന്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സാധിക്കും.

വെങ്ങര മുക്കില്‍  നടന്ന ചടങ്ങില്‍  ടിവി രാജേഷ് എം എല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജര്‍, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, കല്യാശേരി ബ്ലോക്ക് പഞ്ചായത്തംഗം സി പി മുഹമ്മദ് റഫീഖ്, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരന്‍, വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ, കെ ആര്‍ എഫ് ബി പി എം യു കണ്ണൂര്‍ അസി എക്സികുട്ടീവ് എഞ്ചിനീയര്‍ കെ വി മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.