പഞ്ചായത്ത് വകുപ്പിലെ വിവിധ ഓഫീസുകളിലും, ഗ്രാമപഞ്ചായത്തുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ക്രമീകരണം അടിയന്തരമായി നടപ്പാക്കാനാണ് ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിലെ വിവിധ ആപ്ലിക്കേഷനുകളിൽ ജീവനക്കാരുടെ യൂസർനെയിമും പാസ്വേഡും ഓട്ടോസേവ് ആവുന്നതിനാൽ ദുരുപയോഗത്തിന് സാധ്യതയുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിൽ നിന്നും ഓട്ടോ സേവ്ഡ് പാസ്വേഡുകൾ ഒഴിവാക്കാൻ ജീവനക്കാർ/ടെക്നിക്കൽ അസിസ്റ്റന്റുമാർ അടിയന്തിരമായി നടപടി സ്വീകരിക്കകയും സെക്രട്ടറിമാർ ഉറപ്പാക്കുകയും വേണം.
സോഫ്റ്റ്‌വെയറുകളിൽ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ഡിഫോൾട്ട് പാസ്വേഡ് മാറ്റുന്നതിന്റെ പ്രാധാന്യം ജീവനക്കാരോട് വിശദീകരിക്കണം. വേഗം കണ്ടെത്താവുന്ന പാസ്വേഡ് മാറ്റാൻ സാങ്കേതികസഹായം ടെക്ടിക്കൽ ജീവനക്കാർ നൽകണം.
സകർമ്മ അടക്കമുളള സോഫ്റ്റ്വെയറുകളിൽ ഏതാനും തദ്ദേശസ്ഥാപനങ്ങളിൽ സെക്രട്ടറി ചെയ്യേണ്ടതും പ്രസിഡൻറ് ചെയ്യേണ്ടതുമായ പ്രവർത്തനങ്ങളെല്ലാം ഒരേ ഐ.പിയുള്ള കമ്പ്യൂട്ടറിൽ നിന്നാണ് ചെയ്യുന്നത്. ജീവനക്കാർക്കും ജനപ്രതിനിധികൾക്കും സ്വയം സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നതിനാവശ്യമായ നിരന്തര പരിശീലനം സാങ്കേതികജീവനക്കാർ ഉറപ്പു വരുത്തണം. മറ്റുളളവർക്ക് ലഭ്യമാകുന്ന തരത്തിലോ മേശപ്പുറത്തോ ചുവരിലോ പാസ്വേഡുകൾ എഴുതിവയ്ക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ജീവനക്കാർ സ്ഥലംമാറി പോകുകയോ, വിരമിക്കുകയോ ചുമതലയിൽ നിന്നും മാറുകയോ ചെയ്താൽ അവർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ലോഗിൻ ഡീ-ആക്ടിവേറ്റ് ചെയ്ത് റിലീവിംഗ് ഓർഡറിൽ രേഖപ്പെടുത്തണം. പുതിയ ജീവനക്കാർ ചുമതലയേൽക്കുമ്പോൾ പുതിയ ലോഗിൻ നൽകണം. നിലവിലെ ലോഗിൻ എഡിറ്റ് ചെയ്തു നൽകുന്ന പ്രവണത പൂർണ്ണമായും ഒഴിവാക്കണം.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും, സൂപ്പർവൈസറി കേഡറിലുളള ഉദ്യോഗസ്ഥരും ഡിജിറ്റൽ സിഗ്നേച്ചർ, ഡോംഗിൾ എന്നിവ മറ്റൊരാളെ ഏൽപ്പിക്കുന്നതും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ഗുരുതര കൃത്യവിലോപമായി കണക്കാക്കും. ഐ.ടി ആക്ട് 2000 സെക്ഷൻ 66 സി പ്രകാരം മറ്റൊരാളുടെ പാസ്സ് വേഡ് ദുരുപയോഗം ചെയ്യുന്നത് മൂന്നു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.