*മത്സ്യശ്രീ അവാര്‍ഡ് മുഖ്യമന്ത്രി വിതരണം ചെയ്തു

മത്സ്യത്തൊഴിലാളി മേഖലയില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അവയ്‌ക്കെല്ലാം പരിഹാരം കാണുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍പ്പിടമില്ലായ്മ, ആരോഗ്യ പ്രശ്‌നങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങി മത്സ്യത്തൊഴിലാളി മേഖല നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യഫെഡ് ഏര്‍പ്പെടുത്തിയ മത്സ്യശ്രീ അവാര്‍ഡ് വിതരണം, ഇന്‍ഷ്വറന്‍സ് തുക വിതരണം, തൊഴില്‍ ധാരണാപത്രം ഏറ്റുവാങ്ങല്‍, വായ്പാ വിതരണം എന്നിവ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2021നു മുമ്പുതന്നെ സംസ്ഥാനത്ത് തീരമേഖലയിലെ ഭവനരഹിതരായ എല്ലാവര്‍ക്കും വീടു നിര്‍മിച്ചു നല്‍കും. കഴിഞ്ഞ ബജറ്റില്‍ തീരമേഖലയ്ക്കായി രണ്ടായിരം കോടി രൂപയാണ് മാറ്റിവച്ചത്. കടലില്‍ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ തയ്യാറായി വരുന്നു. രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യവില്പന തടയുന്നതിന് കൊച്ചി കപ്പല്‍ശാലയുടെയും ബി.പി.സി.എല്‍ന്റെയും സഹകരണത്തോടെ  പേപ്പര്‍ സ്ലിപ്പ് സംവിധാനവും വികസിപ്പിക്കുന്നുണ്ട്. കടലില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ നീക്കം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതിയും തുടങ്ങിക്കഴിഞ്ഞു.
ഓഖി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതരുടെ പുനരധിവാസം ഗൗരവമേറിയ ഒരു പ്രശ്‌നമായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ ആ കുടുംബങ്ങളിലെ ഒരാള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിന്റെ ഭാഗമായി മത്സ്യഫെഡിന്റെ മുട്ടത്തറയിലെ നെറ്റ് ഫാക്ടറിയില്‍ മുപ്പതുപേര്‍ക്ക് ജോലി നല്‍കും.  ദുരന്തത്തില്‍ മരണപ്പെട്ട മത്സ്യഫെഡിന്റെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായിരുന്നവരുടെ ആശ്രിതര്‍ക്ക് മുപ്പതു ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കി.
സംസ്ഥാനത്ത് മത്സ്യ ഉത്പാദനം ഇനിയും വര്‍ധിക്കണം. മത്സ്യ കയറ്റുമതിയില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്തായിരുന്നു. ആ സ്ഥാനം നമുക്ക് നഷ്ടമായി. നാം വീണ്ടും മത്സ്യകയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ടതുണ്ട്. അതിനായി മത്സ്യബന്ധനം ശാസ്ത്രീയമായി സംഘടിപ്പിക്കുന്നതിനും കൂടുതല്‍ മത്സ്യം സ്റ്റോക്ക് ചെയ്യുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വരികയാണ്.
പിടിക്കുന്ന മത്സ്യത്തിന്റെ വില ഇടത്തട്ടുകാരുടെ ഇടപെടലില്ലാതെ മത്സ്യത്തൊഴിലാളികള്‍ക്കു തന്നെ ലഭ്യമാക്കാന്‍ മത്സ്യഫെഡിനു കഴിഞ്ഞിട്ടുണ്ട.്  236 സഹകരണ സംഘങ്ങള്‍ വഴി മത്സ്യലേലം നടക്കുന്നുണ്ട്. 36000 ല്‍പരം മത്സ്യത്തൊഴിലാളികള്‍ പങ്കെടുക്കുന്നുമുണ്ട്. സംസ്ഥാനത്ത് മത്സ്യബന്ധന, അനുബന്ധ മേഖലകളിലായി പതിനഞ്ചു ലക്ഷത്തിലേറെപ്പേര്‍ ജോലി ചെയ്യുന്നു. ഗുണമേന്മയുള്ള മത്സ്യവും മൂല്യവര്‍ധിത ഉല്പന്നങ്ങളും ലഭ്യമാക്കാന്‍ മത്സ്യഫെഡ് നടപടി സ്വീകരിച്ചുവരികയാണ്. സ്വയംസഹായ സംഘങ്ങള്‍ക്കുള്ള മൈക്രോഫിനാന്‍സ് വായ്പാ പരിധി 25000 രൂപയില്‍ നിന്നും അമ്പതിനായിരം രൂപയാക്കി ഉയര്‍ത്തി. 80,000ല്‍പരം മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമകളാക്കാന്‍ സഹായിച്ചതും മത്സ്യഫെഡിന്റെ നേട്ടമാണ്. മത്സ്യഫെഡില്‍ രജിസ്റ്റര്‍ചെയ്ത സംഘങ്ങള്‍ വികസിപ്പിക്കാന്‍ മത്സ്യഫെഡ് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2017-18 സാമ്പത്തിക വര്‍ഷം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച എറണാകുളം കണ്ണമാലി യാഖീന്‍ മത്സ്യബന്ധന ഗ്രൂപ്പിന് ഒരു ലക്ഷം രൂപയും പ്രശംസാപത്രവുമടങ്ങുന്ന മത്സ്യശ്രീ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു. ഓഖിയില്‍ മരണമടഞ്ഞ എട്ട് മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുകയും മുഖ്യമന്ത്രി വിതരണം ചെയ്തു. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കളായ ലിജോ, ശ്രീശന്‍, സജിത്ത് എന്നിവരെ പതിനായിരം രൂപ കാഷ് അവാര്‍ഡും പൊന്നാടയും നല്‍കി മുഖ്യമന്ത്രി ആദരിച്ചു. ഓഖിയില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള ധാരണാപത്രം മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, എം.ഡി. ലോറന്‍സ് ഹാരോള്‍ഡ് എന്നിവരില്‍നിന്നും മുഖ്യമന്ത്രി ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുള്ള മത്സ്യഫെഡ് ജീവനക്കാരുടെ സംഭാവനയായ 8,58,285 രൂപ ജീവനക്കാര്‍ മുഖ്യമന്ത്രിക്കു നല്‍കി.
തീരത്തെ കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷിക്കാന്‍ കിഫ്ബിയുടെ സഹകരണത്തോടെ ഈ സാമ്പത്തികവര്‍ഷം ഹാര്‍ബറിന്റെ സമീപത്തുള്ള തീരപ്രദേശത്ത് 300 കോടി രൂപ ചെലവില്‍ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ പ്രവര്‍ത്തനം തുടങ്ങിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ പാളയം രാജന്‍, മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ ജറാള്‍ഡ്, തീരദേശ വികസന കോര്‍പ്പറേഷന്‍ അംഗം അഡ്വ. എഫ് നഹാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.