തൃശ്ശൂർ:വനിതാ ശിശു ശുശ്രൂഷാ കേന്ദ്രവും പൊതുജനാരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു

മൂന്ന് ഘട്ടങ്ങളിലായി പണികഴിപ്പിച്ച ചാവക്കാട് താലൂക്ക് ആശുപത്രി മെറ്റേണിറ്റി വാർഡ് അടങ്ങുന്ന കെട്ടിടം മന്ത്രി കെ കെ ശൈലജ ടീച്ചർ നാടിന് സമർപ്പിച്ചു. മെറ്റേണിറ്റി വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, പൊതുജനാരോഗ്യ വിഭാഗം, പ്രതിരോധ കുത്തിവെപ്പുകൾക്കായി കാത്തിരിപ്പു കേന്ദ്രം, മുലയൂട്ടൽ കേന്ദ്രം, ഇമ്മ്യൂണൈസേഷൻ മുറി, മിനി കോൺഫറൻസ് ഹാൾ എന്നിവയടങ്ങുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയാണ് 1754 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ കെട്ടിടം പണി കഴിച്ചിട്ടുള്ളത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 3.60 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകൾ നിർമിച്ചത്. ആശുപത്രികളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റ ഭാഗമായി ആരോഗ്യ വകുപ്പ് നൽകുന്ന കായകല്പ കമന്റേഷൻ അവാർഡും ചാവക്കാട്‌ താലൂക്ക് ആശുപത്രിക്ക് ലഭിച്ചു.

ഓൺലൈനായി നടന്ന ഉദ്ഘാടന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ചടങ്ങുകൾ, ശിലാഫലകം അനാച്ഛാദനം എന്നിവ കെ വി അബ്ദുൾഖാദർ എംഎൽഎ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്, ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ലത്തീഫ്, ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി കെ ശ്രീജ, പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ രാജൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.