ഇടുക്കി: സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഏറ്റവും ജനസൗഹൃദ പദ്ധതിയായ വാതില്‍പ്പടി സേവനത്തിനു തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 1912 എന്ന നമ്പറില്‍ വിളിച്ചാല്‍ കെ എസ് ഇബിയുടെ വിവിധ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ജനജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടിട്ടുള്ള കെ എസ് ഇബിയുടെ ഏറ്റവും പുതിയ മുഖമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാര്‍ക്ക് ഏറ്റവും താഴെയുള്ള ഓഫീസില്‍ നിന്നു കിട്ടേണ്ട സേവനങ്ങളാണ് ഇനിമുതല്‍ വാതില്‍പ്പെടിക്കല്‍ ലഭ്യമാകുന്നത്. വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന പരാതി ഇനിയുണ്ടാവില്ല. പരാതിക്കാരുടെ അടുത്തെത്തി പരിഹാരം കാണുന്നതാണ് പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. ഊര്‍ജവകുപ്പ് സെക്രട്ടറി സൗരഭ് ജെയിന്‍ സ്വാഗതം പറഞ്ഞു. ബോര്‍ഡ് സ്വതന്ത്ര ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി. സി. അനില്‍കുമാര്‍, അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ, ഇ എം സി ഡയക്ടര്‍ ഡോ ആര്‍ ഹരികുമാര്‍, വിതരണ വിഭാഗം ഡയറക്ടര്‍ പി. കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

വിളിക്കൂ, 1912… സേവനം വീട്ടുപടിക്കല്‍

കെ എസ് ഇബിയുടെ പ്രധാന സേവനങ്ങള്‍ ഓഫീസിലെത്താതെ ഈ ടോള്‍ഫ്രീ നമ്പറില്‍ ഇനിമുതല്‍ ലഭ്യമാകും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനെവിളിച്ച് ആവശ്യമായ രേഖകള്‍ ഏതൊക്കെയെന്ന് അറിയിക്കുകയും അവ ലഭിക്കുന്നതിനുള്ള വിവരങ്ങളും പറഞ്ഞുകൊടുക്കും. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അപേക്ഷ സ്വീകരിച്ച് പരിശോധിക്കും. ഫീസ് ഓണ്‍ലൈനായോ കൗണ്ടറിലോ അടയ്ക്കാം. പുതിയ കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ്, കണകറ്റഡ് ലോഡ് മാറ്റല്‍, താരിഫ് മാറ്റല്‍, വൈദ്യുതി ലൈന്‍, മീറ്റര്‍ മാറ്റല്‍ തുടങ്ങിയവ ലഭ്യമാകും. ആദ്യഘട്ടത്തില്‍ 362 സെക്ഷനുകളില്‍ പദ്ധതി നടപ്പിലാക്കും. 761 സെക്ഷനുകളാണുള്ളത്

#KSEB
#keralagovernment