കൊല്ലം: വൈദ്യുതിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതോടൊപ്പം സംതൃപ്തി നല്‍കുന്ന സമീപനം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുത വകുപ്പിന്റെ ‘സേവനം വാതില്‍പ്പടിയില്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോക്താവിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഉപകാരപ്രദമായ കര്‍മ്മ പദ്ധതികളാണ് വൈദ്യുത വകുപ്പ് നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും വൃദ്ധജനങ്ങള്‍ക്കും മറ്റു പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും ഏറെ പ്രയോജനകരമാകുന്ന ഒന്നാണ് ‘സേവനം വാതില്‍പടിയില്‍’ പദ്ധതി.
വൈദ്യുതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങാതെ ഒറ്റ ഫോണ്‍ കോളിലൂടെ സാധിക്കാമെന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും ഉപകാരപ്രദമാണ്. വൈദ്യുതി ഉത്പാദനത്തിലും പ്രസരണത്തിലും വിതരണത്തിലും രാജ്യത്തിനു മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനം വകുപ്പ് കാഴ്ചവെച്ചിട്ടുണ്ട്. വിതരണ ലൈനുകളുടെ നവീകരണത്തിലൂടെയും പ്രസരണ ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കലിലൂടെയും തടസരഹിതമായ വൈദ്യുതി ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു – മുഖ്യമന്ത്രി പറഞ്ഞു.
സമ്പൂര്‍ണ വൈദ്യുതീകരണം, ലോഡ് ഷെഡിങ് ഒഴിവാക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ വൈദ്യുത വകുപ്പ് നടപ്പിലാക്കിയെന്നും ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന നൂതന പദ്ധതിയാണ് ‘സേവനം വാതില്‍പ്പടിയില്‍’ എന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈദ്യുത വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു