തൃശ്ശൂർ: കൊടുങ്ങല്ലൂർ ഗവ താലൂക്ക് ആശുപത്രിയുടെ വികസന വഴിയിലെ പ്രധാന നാഴികക്കല്ലായ പഞ്ചനില കെട്ടിടം യാഥാർഥ്യമായി. സുനാമി പുനരധിവാസ ഫണ്ടിൽനിന്ന് 13 കോടി രൂപ ചെലവഴിച്ച് കെട്ടിടമാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ശനിയാഴ്ച നാടിന് സമർപ്പിച്ചത്. നബാർഡിന്റെ ട്രോമാകെയർ യൂണിറ്റ് പദ്ധതിയിലും ആശുപത്രിയെ ഉൾപ്പെടുത്തിയതായും മന്ത്രി ഉദ്‌ഘാടനവേളയിൽ പ്രഖ്യാപിച്ചു.

ഒന്നരയേക്കർ വരുന്ന ആശുപത്രി കോമ്പൗണ്ടിന്റെ തെക്കുഭാഗത്ത് പ്രധാന റോഡിന് അഭിമുഖമായാണ് കെട്ടിടം പണിതുയർത്തിയത്. താലൂക്ക് ആശുപത്രിക്ക് ലയൺസ് ക്ലബ് നിർമ്മിച്ചു നൽകിയ പഴയ ഇരുനില കെട്ടിടം പൊളിച്ചുമാറ്റിയാണ് അത്യാധുനികസൗകര്യങ്ങളോടെ 37424 ചതുരശ്രഅടി വിസ്തൃതിയിൽ അഞ്ചു നിലകളിലായി കെട്ടിടം നിർമ്മിച്ചത്.

താഴെ ഫാർമസി സ്റ്റോർ, ലാബ്, മൂന്ന് ഒപി. മുറികൾ, റിസപ്ഷൻ കൗണ്ടർ, രോഗികൾക്കും മറ്റും ഇരിക്കുന്നതിനുള്ള ഏരിയ, ഒന്നാംനിലയിൽ ഓഫീസ്, മെഡിക്കൽ ഐ സി യു., വാർഡ്ഒന്ന്, രണ്ടാംനിലയിൽ നാല് ജനറൽ വാർഡുകൾ, മൂന്നാംനിലയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും എട്ടുപേരെ ഉൾക്കൊള്ളാവുന്ന ഐ സി യു. മറ്റ്‌ വാർഡുകൾ, വിശാലമായ ജനറൽ വാർഡ്, നാലാംനിലയിൽ മൂന്ന് ഓപ്പറേഷൻ തിയേറ്ററുകൾ, കൂടാതെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പോസ്റ്റ് ഓപ്പറേഷൻ വാർഡുകൾ, ഏറ്റവും മുകളിലായി വിപുലമായ സൗകര്യങ്ങളോടുകൂടിയ ഹാൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം ഏറിയതോടെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റിയിരുന്നു. ടി.കെ എസ് പുരം മെഡികെയർ ആശുപത്രിയിലേക്ക് പ്രവർത്തനം ഭാഗികമായി മാറ്റി. പ്രസവങ്ങൾ നടക്കുന്ന പ്രസവവിഭാഗവും ശിശുരോഗവിഭാഗവും ഇവിടെനിന്നുള്ള പൂർണസംവിധാനങ്ങളോടെ നാല് കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലേക്കും മറ്റു കിടപ്പുരോഗികളെ പൊയ്യ കുടുംബാരോഗ്യകേന്ദ്രത്തിലേക്കും പെരിഞ്ഞനം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. ദിനേന രണ്ടായിരത്തോളം നിർധനരോഗികളും 176 കിടപ്പുരോഗികളുമാണ് ആശുപത്രിയിൽ ചികിത്സതേടി എത്തിയിരുന്നത്. ആശുപത്രി കോവിഡ് സെൻറർ ആക്കിയതോടെ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്ന ടി കെ എസ് പുരം മെഡികെയർ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട്, അഷ്ടപദി തീയേറ്റേഴ്സ് എന്നീ സ്ഥാപനങ്ങളെ ആശുപത്രി കെട്ടിട സമർപ്പണ വേളയിൽ മന്ത്രി കെ കെ ശൈലജ ടീച്ചർ ആദരിച്ചിരുന്നു.