തൃശൂർ പടിഞ്ഞാറേകോട്ട മാനസികാരോഗ്യകേന്ദ്രത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിവിധ വികസന പദ്ധതികൾ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. 98.37 കോടി രൂപയുടെ
കിഫ്ബി വിഹിതമടക്കം 114.48 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മാനസികാരോഗ്യകേന്ദ്രത്തിൽ സർക്കാർ
നടത്തിയത്. കോവിഡ് നിയന്ത്രണങ്ങളോടെ സംഘടിപ്പിച്ച ചടങ്ങിൽ
കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി.

പൊതുസമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും ലഭിക്കേണ്ടവരാണ് മനോരോഗം വന്ന വ്യക്തികളെന്നും ഇവർക്ക് കരുതലും സ്നേഹവും ആധുനിക ചികിത്സയും നൽകുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ശൈലജ ടീച്ചർ പറഞ്ഞു.

നിർമ്മാണം പൂർത്തീകരിച്ച
മോഡേൺ സൈക്യാട്രിക് വാർഡ്,
ഡയറ്ററി യൂണിറ്റ്, ഫോറൻസിക് വാർഡ്, പുതുക്കിയ കെട്ടിടങ്ങൾ,
നവീകരിച്ച ഫാർമസി, സ്റ്റീമർ, ഇമേജ് റൂം എന്നിവയുടെ ഉദ്‌ഘാടനവും മോഡേൺ സൈക്യാട്രിക് വാർഡിന്റെ രണ്ടാംഘട്ടം,
ചുറ്റുമതിൽ, പബ്ലിക് ഹെൽത്ത് ലാബ്, ഇന്റേണൽ റിംഗ് റോഡ് എന്നീ പദ്ധതികളുടെ നിർമ്മാണോദ്ഘാടനവുമാണ് നടന്നത്. മോഡേൺ സൈക്യാട്രിക് വാർഡിന് 4 കോടി, ഡയറ്ററി യൂണിറ്റിന് 1.66 കോടി, ഫോറൻസിക് വാർഡിന് 1.26 കോടി,കെട്ടിടങ്ങൾക്ക് 85 ലക്ഷം, ഫാർമസിക്ക് 4.5 ലക്ഷം, സ്റ്റീമറിന് 2.71 ലക്ഷം, ഇമേജ് റൂമിന് 1.9 ലക്ഷം എന്നിങ്ങനെയാണ് പൂർത്തിയാക്കിയ പദ്ധതികൾക്ക് ചിലവഴിച്ച തുക.

1889 പടിഞ്ഞാറേ കോട്ടയിൽ പ്രവർത്തനം ആരംഭിച്ച തൃശൂർ മാനസികാരോഗ്യകേന്ദ്രം സേവന പാതയിൽ 132 വർഷങ്ങൾ പൂർത്തീകരിക്കുകയാണ്.

കോർപ്പറേഷൻ മേയർ എം കെ വർഗീസ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഡിവിഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ റീന കെ ജെ തുടങ്ങിയവർ പങ്കെടുത്തു.