തൃശൂർ പൂരവും, പൂരം പ്രദർശനവും കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം നടത്താൻ കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം.

പൂരത്തിന് ഇനിയും രണ്ടര മാസക്കാലം നിലനിൽക്കെ ജില്ലയിലെ കോവിഡ് വ്യാപന സ്ഥിതിഗതികൾ നിരീക്ഷിക്കാൻ
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. രണ്ടാഴ്ചയിലൊരിക്കൽ സമിതി യോഗം ചേർന്ന് സ്ഥിതിവിശേഷം പരിശോധിച്ച് പൂരം നടത്തിപ്പിന് വേണ്ട നടപടികൾ കൈക്കൊള്ളും.

സമിതിയിൽ ജനപ്രതിനിധി കൾ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം, തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥൻ ദേവസ്വം പ്രതിനിധികൾ, പോലീസ്, ആരോഗ്യ വകുപ്പ്, വനംവകുപ്പ് പ്രതിനിധികൾ എന്നിവരും അംഗങ്ങളാകും. കോവിഡ് വ്യാപനം വിലയിരുത്തി സർക്കാരിൽ നിന്നും ലഭിക്കുന്ന അനുമതിയോടെയാകും പൂരം സംഘടിപ്പിക്കുക.

സർക്കാർ അനുമതി കൂടി ലഭിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ പൂരത്തിന്റെ ചടങ്ങുകളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.

ജനത്തിരക്ക് കുറക്കുന്നതിനായി ചടങ്ങുകൾ പൊതു ജനങ്ങൾക്ക്‌ വീക്ഷിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ സ്ക്രീനുകൾ സ്ഥാപിക്കാമെന്നും, ചടങ്ങുകളുടെ കൃത്യമായി വിവരങ്ങൾ ഉൾപ്പെടുത്തി പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും മന്ത്രി നിർദേശിച്ചു.

മറ്റ് പൂരങ്ങളെ അപേക്ഷിച്ച് തൃശൂർ പൂരം നടത്തുന്നതിന് കൂടുതൽ സ്ഥലസൗകര്യം ഉണ്ടെന്നും ഇത്‌ പ്രയോജനപ്പെടുത്തി സർക്കാർ അനുമതി നൽകുന്ന പക്ഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൂർവാധികം സുരക്ഷയോടെ പൂരം നടത്താൻ സാധിക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അഭിപ്രായപ്പെട്ടു.

യോഗത്തിൽ മേയർ എം കെ വർഗീസ്, ജില്ലാ കലക്ടർ എസ് ഷാനവാസ്‌, ആർ ഡി ഓ എൻ കെ കൃപ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, റെജി ജോയ്, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം ജി നാരായണൻ, ഡെപ്യൂട്ടി കലക്ടർ വിഭൂഷൺ, തൃശൂർ തഹസിൽദാർ എം സന്ദീപ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി.എം പ്രഭു വടക്കുംനാഥൻ ദേവസ്വം മാനേജർ എം മനോജ്‌ കുമാർ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം രവികുമാർ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ്‌ സതീഷ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.