പുതിയ സ്‌കൂള്‍ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

ഇടുക്കി: മുണ്ടിയെരുമ കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ മന്ദിരോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഓണ്‍ലൈനില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
മുണ്ടിയെരുമ കല്ലാര്‍ സ്‌കുളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റം വന്നിട്ടുണ്ടെന്ന് പുതിയ മന്ദിരത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് അദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസം രംഗം ശക്തിപ്പെടുത്തുക, വിദ്യാലയങ്ങള്‍ ഹൈടെക്ക് അക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ആറരലക്ഷം വിദ്യാര്‍ത്ഥികള്‍ പുതുതായി അഡ്മിഷന്‍ നേടി. 45,000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കി മാറ്റിയെന്നും അദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗം മികച്ച നിലയിലാണ് അത് കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നീതി ആയോഗിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ അടല്‍ ടിങ്കറിംഗ് ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ ചിലവിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നതും പാഠ്യ-പാഠ്യേതര രംഗങ്ങളിലെ തുടര്‍ച്ചയായ മികവുമാണ് ഉടുമ്പന്‍ചോല മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമാക്കി കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തിരഞ്ഞെടുക്കുവാനിടയാക്കിയത്. മൂന്ന് നിലകളിലായി 24 ക്ലാസ്സ് മുറികള്‍, കമ്പ്യൂട്ടര്‍ലാബ്, സയന്‍സ് ലാബ്, ഓഫീസ് റൂം ആധുനിക ടോയ്‌ലറ്റ് സമുച്ഛയങ്ങള്‍ എന്നിവയാണ് പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള പുരസ്‌കാരവും കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ കരസ്ഥമാക്കിയിരുന്നു. ചടങ്ങില്‍ മന്ത്രി എം.എം മണി മികച്ച പി.ടി.എക്കുള്ള പുരസ്‌കാരവും നല്‍കി.

കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രാദേശിക യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ടി.എം ജോണ്‍ അധ്യക്ഷനായി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിന്‍സി വാവച്ചന്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ശോഭന വിജയന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ വി.എന്‍ മോഹനന്‍, വിജയകുമാരി എസ് ബാബു, സി.എസ് യശോധരന്‍, സി.വി ആനന്ദ്, സരിതാ രാജേഷ്, ഷിഹാബ് ഈട്ടിക്കല്‍, മുകേഷ് മോഹന്‍, വനം വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ അംഗം പി.എന്‍ വിജയന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍, കല്ലാര്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എ. സജീന, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: വൈദ്യുതി മന്ത്രി എം.എം മണി കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയമന്ദിരം നാടമുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

#kallar
#idukkidistrict