ഇടുക്കി ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവച്ച വികസന മുന്നേറ്റത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം – ഇടുക്കി @ ഹൈടെക് – കട്ടപ്പനയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ സമസ്ത മേഖലകളിലും വലിയ പുരോഗതിയാണ് സ്യഷ്ടിക്കാന്‍ കഴിഞ്ഞതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, വീട്, റോഡ്, കാര്‍ഷിക മേഖലകളിലും വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതായി അദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എന്‍.ബി. ബിജു പരിപാടിയെപ്പറ്റി വിശദീകരിച്ചു.
ജില്ലയുടെ സമഗ്ര പുരോഗതിയും വികസനവും ചിത്രീകരിക്കുന്ന നൂറിലേറെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അനവധി പേര്‍ പ്രദര്‍ശനം വീക്ഷിക്കാനെത്തി. പ്രദര്‍ശനത്തിന്റെ ഭാഗമായി കുമളി മന്നാക്കുടിയില്‍ നിന്നുള്ള നന്ദുവിന്റെ നേതൃത്വത്തില്‍ ആറംഗ കലാകാരന്‍മാരുടെ സംഘം ഗോത്ര വിഭാഗത്തിന്റെ മന്നാന്‍ കൂത്ത് അവതരിപ്പിച്ചു.
ജില്ലയിലെ ആറിടങ്ങളില്‍ വ്യത്യസ്ത തീയതികളിലായിട്ടാണ് ഫോട്ടോ പ്രദര്‍ശനം. ഫെബ്രു പത്തിന് കുമളിയില്‍ അടുത്ത പ്രദര്‍ശനം നടക്കും.
