ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം ചേര്‍ന്നു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2021-22 വാര്‍ഷിക പദ്ധതി രൂപീകരണവും ഗ്രാമസഭാ യോഗവും ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നും നവകേരള സൃഷ്ടിയില്‍ പ്രാദേശിക സര്‍ക്കാരുകളുടെ പ്രാധാന്യം വലുതാണെന്നും മന്ത്രി പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് നടത്താന്‍ കഴിയുന്ന പ്രാദേശിക സര്‍ക്കാരാണ് തദ്ദേശ സ്ഥാപനങ്ങള്‍. പ്രളയം, കൊവിഡ് സാഹചര്യങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമായിരുന്നു. ഭരണ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സ്രോതസ്സ് ബജറ്റില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പദ്ധതികളാണ് പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കാര്‍ഷിക, ക്ഷീര മേഖലകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടപെട്ടതിന്റെ ഫലം നമുക്ക് ലഭിച്ചിട്ടുണ്ട്. സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ ആദ്യം തുടങ്ങിയത് 10 പഞ്ചായത്തുകളിലാണ്. പിന്നീട് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ചെറുതാഴം, തില്ലങ്കേരി പഞ്ചായത്തുകള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമുണ്ടായി. ക്ഷീര മേഖലയില്‍ ജില്ലയില്‍ 1.45 ലക്ഷം ലിറ്റര്‍ പാല്‍ ദിനംപ്രതി ഉല്‍പാദിപ്പിച്ചു. ക്ഷീരകര്‍ഷകര്‍ക്കായി രണ്ടരക്കോടി രൂപയോളം ഒരു വര്‍ഷം ജില്ലാ പഞ്ചായത്ത് നല്‍കുന്നു. ഇത്തരത്തില്‍ ഓരോ മേഖലയിലെയും വികസനം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പി പി ദിവ്യ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. കരട് പദ്ധതി നിര്‍ദ്ദേശങ്ങളുടെ അവതരണം ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദേശങ്ങള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്മാരായ യു പി ശോഭ, കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു, അംഗം ഇ വിജയന്‍ മാസ്റ്റര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.