ഇടുക്കി: അടിമാലി ആയിരമേക്കര്‍, ബൈസണ്‍വാലി, പെരിങ്ങാശേരി, കുമളി, വണ്ടിപ്പെരിയാര്‍,
ഏലപ്പാറ സ്‌കൂളുകള്‍ക്കു പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വലിയമാറ്റം സൃഷ്ടിക്കുവാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ ആറു സ്‌കൂളുകള്‍ക്ക് നിര്‍മിച്ച പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടാകെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വിദ്യാഭ്യാസം നേടാന്‍ സൗകര്യമൊരുക്കി നല്‍കി.കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വളര്‍ന്നു വരുന്ന പുതുതലമുറ വലിയതോതില്‍ കഴിവ് നേടിയവരായി മാറും.കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം നല്ല രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ സാധിച്ചു.ഒരു പ്രതിസന്ധി വന്നാല്‍ അതിനനുകൂലമായി നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.വരുന്ന അധ്യായന വര്‍ഷം കൊവിഡാനന്തരകാലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.വിദ്യാലയങ്ങള്‍ക്ക് വലിയ മാറ്റം സംഭവിച്ചു.പശ്ചാത്തല സാഹചര്യങ്ങള്‍ വര്‍ധിച്ചു.
ഈ രീതിയിലുള്ള വികസനത്തിന് കിഫ്ബിയാണ് സഹായിച്ചത്.കിഫ്ബിക്കെതിരെ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി.പക്ഷെ നാട്ടുകാര്‍ പൂര്‍ണ്ണമനസ്സോടെ വികസനത്തെ ഉള്‍കൊണ്ടു.നാടിന്റെ എല്ലാ മേഖലയും വികസിക്കണം.നല്ലരീതിയില്‍ കാര്യങ്ങള്‍ നടത്താനായതിന്റെ ചാരുതാര്‍ത്ഥ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനതല ഉദ്ഘാടനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്,ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങിയവരും ഓണ്‍ലൈനായി പങ്കെടുത്തു. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം വിദ്യാലയങ്ങളില്‍ പ്രാദേശിക ഉദ്ഘാടനങ്ങള്‍ നടന്നു.
ആയിരമേക്കര്‍ ജനത യു പി സ്‌കൂള്‍ കെട്ടിടവും ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങ് എസ് രാജേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.നബാഡിന്റെ സഹായത്തോടെ ഒരു കോടി രൂപ ചിലവഴിച്ചാണ് ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികള്‍ പുതിയ കെട്ടിടത്തിലുണ്ട്.അടിമാലി ആയിരമേക്കര്‍ ജനതാ യു പി സ്‌കൂളില്‍ നടന്ന ചടങ്ങ് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം റോയി പാലക്കല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം റ്റി ഉഷാകുമാരി,സമഗ്രശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ബിന്ദുമോള്‍ ഡി, ബ്ലോക്ക് പഞ്ചായത്തംഗം കോയ അമ്പാട്ട്, ആയിരമേക്കര്‍ ജനതാ യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രിന്‍സ്മോന്‍ എം ഡി, ബി ആര്‍ സി പ്രതിനിധികള്‍, പിടിഎ പ്രതിനിധികള്‍,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സമഗ്രശിക്ഷാ കേരള ഇടുക്കിയുടെ സഹായത്തോടെ ഇരുപത്തെട്ട് ലക്ഷത്തി അറുപത്തയ്യായിരം രൂപ ചിലവഴിച്ചാണ് ആയിരമേക്കര്‍ ജനതാ യു പി സ്‌കൂളിന്റെ ഭാഗമായ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.മൂന്ന് ക്ലാസ് മുറികള്‍ പുതിയ കെട്ടിടത്തിലുണ്ട്. ചുറ്റുമതിലിന്റെ നിര്‍മ്മാണജോലികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പെരിങ്ങാശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
സ്‌കൂളില്‍ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങ് തൊടുപുഴ എംഎല്‍എ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്ദു സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷയായി. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.കെ. ഷാഹുല്‍ഹമീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടുക്കി ഡയറ്റ് പ്രസിഡന്റ് ഡോ. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പി കെ ഷാഹുല്‍ഹമീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പല്‍ എം.കെ. ലോഹിതദാസ് പദ്ധതി വിശദീകരണം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണ്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം നൈസി ഡെനില്‍, ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന രവീന്ദ്രന്‍, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഖിലേഷ് ദാമോദരന്‍, കെ.ആര്‍. ഗോപി, ശ്രീമോള്‍ ഷിജു, എസ്എംസി ചെയര്‍മാന്‍ സി.പി. കൃഷ്ണന്‍, എസ്പിസി ഇന്‍ ചാര്‍ജ് പി.എം. സുനില്‍, ഹെഡ്മിസ്ട്രസ് ഷാജി.ടി.പോള്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ആര്‍ സുരേഷ് സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജസീന്ത മാത്യു നന്ദിയും പറഞ്ഞു. സ്‌കൂളിന്റെ ശിലഫലകം പി.ജെ.ജോസഫ് എം.എല്‍.എ. അനാച്ഛാദനം ചെയ്തു.

കുമളി സര്‍ക്കാര്‍ വി.എച്ച്.എസ്.എസ് & ടി .ടി.ഐ

കുമളിയില്‍ നടന്ന ചടങ്ങില്‍ മന്ദിരത്തിന്റെ പ്രദേശിക ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനം കര്‍മ്മവും പീരുമേട് എം എല്‍ എ ഇ എസ് ബിജിമോള്‍ നിര്‍വ്വഹിച്ചു.കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഷാജിമോന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ് യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അധ്യാപകര്‍,പിടിഎ ഭാരവാഹികള്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപയുടെ കിഫ്ബി ഫണ്ടും പീരുമേട് എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 49 ലക്ഷം രൂപയും ഉപയോഗിച്ച് നിര്‍മ്മിച്ച ലാബ് സമുച്ഛയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നിര്‍വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. . പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ സ്വാഗതം പറഞ്ഞു. കൈറ്റ് ജില്ലാ കോഡിനേറ്റര്‍ ഷാജിമോന്‍ വി.കെ. പദ്ധതിയുടെ വിശദീകരണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ജനപ്രതിനിധികള്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരായി.

ഏലപ്പാറ ഗവ:യു .പി സ്‌കൂള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏലപ്പാറ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പുതിയ മന്ദിരത്തിന്റ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.00 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷനായ ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതം ആശംസിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തി .പീരുമേട് എം എല്‍ എ ഇ എസ് ബിജിമോള്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിത്യാ എഡ്വേര്‍ഡ് , ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.