കാട്ടാക്കട ഡിവിഷനിൽ  ‘സർവീസസ് അറ്റ് ഡോർസ്റ്റെപ്’ പദ്ധതി പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം:  കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ സേവനങ്ങൾ ഉപഭോക്താവിന്റെ വാതിൽപ്പടിക്കൽ എത്തിക്കുന്നതിനായി വൈദ്യുതി ബോർഡ്  ആവിഷ്കരിച്ച  ‘സർവീസസ് അറ്റ് ഡോർ സ്റ്റെപ്പ് പദ്ധതി’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വൈദ്യുതിയുടെ ഉത്പാദന,വിതരണ, പ്രസരണ മേഖലകളിൽ   രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന നേട്ടങ്ങളുണ്ടാക്കാൻ  സംസ്ഥാനത്തിന് സാധിച്ചതായി ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലു വർഷവും ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കേരളത്തിനാണ് ലഭിച്ചത്.  പവർകട്ടോ ലോഡ് ഷെഡിങ്ങോ ഇല്ലാതെ വൈദ്യുതി വിതരണം നടത്താനും സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കാനും ഈ സർക്കാരിന്റെ കാലയളവിൽ സാധിച്ചു. ഉപഭോക്താവിന്റെ സംതൃപ്തി ഉറപ്പുവരുത്തുന്ന നിരവധി സേവനങ്ങൾ ഇതിനോടകം തന്നെ സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പിലാക്കിയിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 362 ഇലക്ട്രിക് സെക്ഷനുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
ഉപഭോക്താക്കൾക്ക് പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശ മാറ്റം, കണക്റ്റഡ് ലോഡ്, വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾ വൈദ്യുതി ബോർഡ്‌ ജീവനക്കാർ വീട്ടിൽ നേരിട്ടെത്തി പൂർത്തിയാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  ടോൾ ഫ്രീ നമ്പറായ 1912 ൽ ഡയൽ ചെയ്താൽ മാത്രം മതിയാകും. സേവനങ്ങൾക്ക് ആവശ്യമായ തുക ഓൺലൈനായോ കെഎസ്ഇബി കൗണ്ടറുകൾ വഴിയോ അടയ്ക്കാവുന്നതാണ്.
സർവീസസ് അറ്റ് ഡോർസ്റ്റെപ്പ്‌ പദ്ധതിയുടെ  കാട്ടാക്കട ഡിവിഷൻ തല ഉദ്ഘാടനം ഐ. ബി സതീഷ് എം. എൽ. എ നിർവഹിച്ചു. കാട്ടാക്കട ഡിവിഷനു കീഴിലെ 1,50,000  ഉപഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ കാട്ടാക്കട,മലയിൻകീഴ് സെക്ഷനുകളിലാണ് ഇത് നടപ്പിലാക്കുന്നത്.
മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയിൻകീഴ് ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. വത്സലകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. കെ പ്രീജ, മറ്റ് ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികൾ, കെ. എസ്. ഇ. ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.