കൊല്ലം:  മാലിന്യ സംസ്‌കരണത്തിലൂടെ  നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ രൂപം നല്‍കിയ കര്‍മ്മപരിപാടി ‘ശുചിത്വ നഗരം സുന്ദര നഗരം’ പദ്ധതിയുടെ കോര്‍പ്പറേഷന്‍തല ഉദ്ഘാടനം മേയര്‍ പ്രസന്നാ ഏണസ്റ്റ്  താമരക്കുളം ഡിവിഷനില്‍   നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയിലെ ജനങ്ങള്‍ക്കുള്ള ബയോ കമ്പോസ്റ്റര്‍ ബിന്നുകളുടെ വിതരണോദ്ഘാടനവും മേയര്‍ നിര്‍വഹിച്ചു.

ആദ്യഘട്ടത്തില്‍ നഗര പരിധിയിലെ 27500 കുടുംബാംഗങ്ങള്‍ക്കാണ് ബയോ ബിന്‍ നല്‍കുക. 1800 രൂപ വിലയുള്ള ബയോ ബിന്നുകള്‍ 90 ശതമാനം സബ്‌സിഡിയോടു കൂടി 180 രൂപയ്ക്കാണ് ഗുണഭോക്താകള്‍ക്ക് ലഭ്യമാക്കുക. അതോടൊപ്പം 10 കിലോ വരുന്ന ഇനോകുലം മിശ്രിതം, ചകിരി ചോറ് എന്നിവയും സൗജന്യമായി നല്‍കും.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ യു പവിത്ര, എസ് ഗീതാകുമാരി, ജി ഉദയകുമാര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി പി കെ സജീവ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി ബിജു, ഹെല്‍ത്ത്     ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.