ഇടുക്കി:   പൂപ്പാറ കെ എസ് ഇ ബി സബ് സെൻ്റർ ഓഫീസിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി നിർവഹിച്ചു. പുതിയ കാഴ്ചപ്പാടുകളോടെ ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനൊപ്പം ഊർജ സംരക്ഷണത്തിനും, ഊർജ വിതരണം ശക്തിപ്പെടുത്തുന്നതിനും വൈദ്യുത ബോർഡ് പ്രാധാന്യം നൽകുന്നുണ്ടെന്ന് ഉദ്ഘാടനം നിർവഹിച്ച് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജകുമാരി ഡിവിഷനിലെ പൂപ്പാറ മേഖല വിഭജിച്ച് പുതിയ സബ്ബ് എഞ്ചിനീയർ ഓഫീസ് സ്ഥാപിച്ചത്. പുതിയ ഓഫിസ് ശാന്തൻപാറ സ്വകാര്യ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. പുതിയ സബ് സെന്ററിന്റെ പ്രവർത്തനം തോട്ടംമേഖല ഉൾപ്പെടുന്ന പ്രദേശം നേരിടുന്ന വൈദ്യുത പ്രശ്നങ്ങൾക്ക് പെട്ടന്ന് പരിഹാരമാകും. ഏകദേശം 6000 ഉപഭോക്താകളാണ് ഈ ഓഫീസിൻ്റെ പരിധിയിൽ വരുന്നത്.

ശാന്തൻപാറ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ജെ ഷൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എം ടി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം വി.എൻ മോഹനൻ, അടിമാലി എക്സിക്യുട്ടിവ് എഞ്ചിനിയർ ഡാലിയ ശ്രീധർ, സെക്ഷൻ എ ഇ എസ് സന്തോഷ്കുമാർ , അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ ഡെന്നീസ് രാജൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ മാത്യു കക്കുഴി, എസ്.വനരാജ്, സേനാപതി ശശി, എന്നിവർ സന്നിഹിതരായിരുന്നു.