ആലപ്പുഴ: രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ മുന്നണി പോരാളികളായ വനിതകളെ ആദരിക്കുന്നതിന് ദേശീയ വനിതാ കമ്മീഷൻ ഏർപ്പെടുത്തിയ അവാർഡിന് ആരോഗ്യ പ്രവർത്തകയായ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വസന്തി ലാറ അര്‍ഹയായി.

ഡൽഹിയിലെ വിദ്യാഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറില്‍ നിന്നും കോവിഡ് വിമൻസ് വാരിയേഴ്സ്, റിയൽ ഹീറോസ് പുരസ്കാരം ഏറ്റുവാങ്ങി. പ്രളയ കാലത്തെ മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി 2019ലെ നേഴ്സിംഗ് ദിനത്തിൽ സംസ്ഥാന സർക്കാരിൻറെ മികച്ച ലേഡി ഹെൽത്ത് ഇൻസ്പെക്ടർക്കുള്ള അവാർഡും ലഭിച്ചിരുന്നു. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശിനിയാണ്. 30 വർഷത്തോളമായി ആരോഗ്യവകുപ്പിൽ സേവനമനുഷ്ഠിക്കുന്നു.